ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ക്രൂരമായി മാനഭംഗത്തിനിരയായി. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് പ്രദേശിക ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നേതാജി സുഭാഷ് പ്ലേസിൽ ഞായറാഴ്ചയാണ് സംഭവവമുണ്ടായത്. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലിക്കു പോകുന്പോൾ കുഞ്ഞിനെ ബന്ധുവായ സ്ത്രീയുടെ അടുത്ത് ഏൽപ്പിച്ചിട്ടാണ് പോകുക. സംഭവവദിവസം കുട്ടിയെ നോക്കാൻ ഏൽപ്പിച്ച സ്ത്രീ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മകൻ കുഞ്ഞിനെ മാനഭംഗപ്പെടുത്തുകയായിരുന്നു.
ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് 12.30ന് കുഞ്ഞിന്റെ അമ്മ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച കുഞ്ഞിനെയാണ് കാണുന്നത്. തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മാനഭംഗത്തിന് ഇരയായെന്ന് മനസിലായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുവായ സൂരജ് (28)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ പോക്സോ കേസു ചുമത്തിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ അവസ്ഥ മോശമാണെന്നും എല്ലാവരും അവൾക്കായി പ്രാർഥിക്കണമെന്നും ഡൽഹി കമ്മീഷൻ ഫോർ വുമൺ മേധാവി സ്വാതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.