കൊളംബിയ: കൗമാരക്കാരായ അമ്മമാരുടെ എണ്ണം പല രാജ്യങ്ങളിലും ഒരു സാമൂഹിക പ്രശ്നമാണ്. 10 നും 19 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഏറെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ സാമൂഹ്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ കണ്ടെത്തിയത് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം നല്‍കുകയാണ്. ഇത് വഴി കൗമാര ഗര്‍ഭധാരണത്തെക്കുറിച്ചും നവജാത ശിശുപരിപാലനത്തിലും കൗമാരക്കാരായ മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നടത്താന്‍ സാധിക്കുമെന്ന് അധികാരികള്‍ പറയുന്നു.
കൗമാരക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭധാരണത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണം ഉണ്ടാക്കാനായി കൊളംബിയിയിലെ മെഡിലിന് നഗരത്തിന് പുറത്തുള്ള സ്കൂളുകളില്‍ കള്‍ഡാസ് മുനിസിപ്പാലിറ്റി യന്ത്രപ്പാവകളെ വിതരണം ചെയ്തു. സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുതരം റബ്ബര്‍ പാവ – ഭക്ഷണം നല്കാന് ആഗ്രഹിക്കുമ്പോള്‍ അത് കരയും. ഡയപ്പര്‍ മാറ്റേണ്ട സമയമാകുമ്പോഴും പാവ പ്രതികരിക്കും.
ഈ പദ്ധതി മറ്റ് 89 രാജ്യങ്ങളിലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്കൂള്‍ വര്‍ക്ക്ഷോപ്പുകളും ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളും ഈത്തരത്തിലുള്ള യന്ത്ര കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തണമെന്ന് കൊളംബിയയിലെ പ്രദേശിക അതോറിറ്റിയുടെ സാമൂഹിക പദ്ധതിയില്‍ ആവശ്യപ്പെടുന്നു. ”ഈ തന്ത്രത്തിലൂടെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ ഗര്‍ഭധാരണങ്ങളുടെ എണ്ണം വലിയ അളവില്‍ കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.” പ്രാദേശിക അതോറിറ്റിയുടെ ആരോഗ്യ സെക്രട്ടറി ജുവാന്‍ കാര്‍ലോസ് സാഞ്ചസ് പറഞ്ഞു.
2017 ല്‍ പരിപാടി ആരംഭിക്കുമ്പോള്‍ 13-19 വയസ്സ് പ്രായമുള്ള ഗര്‍ഭിണികളായ 168 പെണ്‍കുട്ടികളുടെ കേസുകള്‍ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 141 ആയി കുറഞ്ഞെന്നും സാഞ്ചസ് പറഞ്ഞു. ജനസംഖ്യയുടെ 15 ശതമാനത്തോളം 10-19 വയസ്സ് പ്രായമുള്ള കാല്‍ഡാസില്‍ 1,200 ല്‍ അധികം കൗമാരക്കാര്‍ ക്ലാസുകളില്‍ പങ്കെടുത്തു. കൊളംബിയയില്‍ 2018 ല്‍ ജനിച്ച കുഞ്ഞുങ്ങളില്‍ അഞ്ചിലൊന്ന് 10-19 വയസ്സ് പ്രായമുള്ള അമ്മമാരാണെന്ന് ദേശീയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.