പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്പന സംബന്ധിച്ച കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്കിയ അമ്മമാരെ കണ്ടെത്തി. അതിലൊരാളുടെ രക്തപരിശോധന നടത്തുന്നതിനുള്ള അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്കി. പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റ് നവജാതശിശുക്കളെ വില്പന നടത്തിയെന്ന കേസുകളെപറ്റി അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇതിനകം ഒട്ടേറെ തെളിവുകളാണ് കണ്ടെത്തിയത്.
വില്പന നടത്തിയതായി പരാതിയില്‍ പറയുന്ന മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയവരെ ഇതിനകം അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. ശിശുവില്പനയുമായി ബന്ധപ്പെട്ട അഞ്ചുകേസുകളെ രണ്ടായി തിരിച്ച് ക്രൈംബ്രാഞ്ചിന്റെ രണ്ടു സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ഇതില്‍ സിഐ എ.വി. ജോണ്‍ അന്വേഷണം നടത്തുന്ന കേസിലാണ് രക്ത പരിശോധനക്കുള്ള അനുമതിക്കായി പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേ സമയം ഇതുസംബന്ധിച്ച് നടന്നുവരുന്ന കേസ് കേരള ഹൈക്കോടതി 30ന് പരിഗണിക്കുന്നുണ്ട്.
പയ്യന്നൂരിലെ ഗൈനോക്കോളജിസ്റ്റ് ഡോ.കെ.പി.ശ്യാമള, ഭര്‍ത്താവ് ഡോ.മുകുന്ദന് നമ്പ്യാര്‍, കൃത്രിമ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പറയുന്ന മുന്‍സിപ്പല്‍ ജനന മരണ റജിസ്ട്രാര്‍, നവജാത ശിശുക്കളെ വിലക്കു വാങ്ങിയെന്ന് പരാതിയില്‍ പറയുന്ന പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള അഞ്ച് ദമ്പതികള്‍, ഇടനിലക്കാര്‍ തുടങ്ങി പതിനഞ്ചോളം പേരെ പ്രതികളാക്കി അഞ്ച് കേസുകളാണ് നിലവിലുള്ളത്.
കരിവെള്ളൂരിലെ രാജന് സി.നായരുടെ പരാതിയില്‍ സാമൂഹ്യക്ഷേമവകുപ്പും പയ്യന്നൂര്‍ പോലീസും കേസെടുത്തിട്ടും തുടര്‍ നടപടികള്‍ കാണാതെ വന്നതിനെ തുടര്‍ന്ന് പരാതിക്കാരന് അഭ്യന്തര വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.