ബംഗളൂരു: ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെ ബില്ലടയ്ക്കാനായി യുവതി മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ബംഗളൂരുവിലെ ഹാസനിൽ രണ്ടു മാസം മുന്‍പായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ബേലൂരിൽനിന്ന് കുഞ്ഞിനെ പോലീസ് രക്ഷപെടുത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സെപ്റ്റംബർ അവസാനമാണ് ഹാസൻ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന ഹക്കി-പിക്കി നാടോടി ഗോത്രത്തിൽപ്പെട്ട ജ്യോതി എന്ന യുവതി 21,000 രൂപയ്ക്ക് തന്റെ ആണ്‍കുഞ്ഞിനെ രംഗോലെഗുണ്ടിയിലെ ശാന്തമ്മ എന്ന റിട്ടയേഡ് നഴ്സിന് വിറ്റത്. നഴ്സ് പിന്നീട് കുട്ടികളില്ലാത്ത ദന്പതികൾക്ക് ഈ കുഞ്ഞിനെ വില്ക്കുകയാണുണ്ടായത്.
സംഭവം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ജില്ലാ ശിശുസംരക്ഷണ സെല്ലിന് ലഭിച്ച ഉൗമക്കത്തിൽനിന്നാണ് വിവരങ്ങൾ അധികൃതർ അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതിയും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോസ്ഥരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ബേലൂർ നഗരത്തിൽനിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുട്ടി ഇപ്പോൾ കാമധേനു ചൈൽഡ് സെന്ററിന്റെ സംരക്ഷണത്തിൻ കീഴിലാണ്.