കണ്ണൂർ/പാനൂർ: മൈസൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ കുട്ടികളെ വില്പന നടത്തിയതായി സൂചന. കണ്ണൂർ ജില്ലയിൽ വിലയ്ക്കുവാങ്ങിയ ഒരു പെൺകുഞ്ഞിനെക്കൂടി ഇന്നലെ മോചിപ്പിച്ചു. പത്തുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് പാനൂർ ചന്പാട്ടെ ഒരു വീട്ടിൽനിന്ന് കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ഇ.ഡി. ജോസഫിന്റെ നേതൃത്വത്തിൽ മോചിപ്പിച്ച് പട്ടുവത്തെ ചൈൽഡ് ഹോമിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ 20,000 രൂപ നൽകിയാണ് പാനൂർ ചന്പാട്ടെ കുട്ടികളില്ലാത്ത ദന്പതികൾ പെൺകുട്ടിയെ മൈസൂരുവിൽനിന്നാണു വാങ്ങിയതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു. സംഭവത്തിൽ ചമ്പാട്ടെ കൊറ്റോൽ താഴെ കുനിയിൽ ചന്ദ്രനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം പാനൂർ പോലീസ് കേസെടുത്തു.
കുടകിലെ തോട്ടം തൊഴിലാളിയിൽ നിന്നാണ് ഇയാൾ കുട്ടിയെ വാങ്ങിയതെന്നാണ് പോലീസിന് മൊഴി നല്കിയിട്ടുള്ളത്. കഴിഞ്ഞദിവസം മൈസൂരുവിൽനിന്ന് വിലയ്ക്കുവാങ്ങിയ 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ ഇരിക്കൂറിലെ ഒരു വീട്ടിൽനിന്ന് മോചിപ്പിച്ചിരുന്നു. ഇരിക്കൂർ സ്വദേശിയുടെ സഹോദരന്റെ മൈസൂരു സ്വദേശിനിയായ ഭാര്യയിൽനിന്നാണ് ഇരിക്കൂർ സ്വദേശിനി കുട്ടിയെ വിലയ്ക്കു വാങ്ങിയത്. സംഭവത്തിൽ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.