ആലത്തൂർ: ജനിച്ച് നാലുദിവസമായ പെണ്‍കുഞ്ഞിനെ തമിഴ്നാട്ടിലെത്തിച്ച് വിറ്റ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മനുഷ്യക്കടത്ത്, പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾക്കു ബാലപീഡന നിരോധനനിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
കുഞ്ഞിന്റെ അച്ഛൻ രാജൻ, ഇടനിലക്കാരൻ ജനാർദനൻ എന്നിവർ ആലത്തൂർ സബ് ജയിലിലും കുഞ്ഞിന്റെ അമ്മ ബിന്ദു, മുത്തശ്ശി വിജി, ഇടനിലക്കാരി സുമതി എന്നിവർ പാലക്കാട് സബ് ജയിലിലുമാണ് പതിന്നാലു ദിവസത്തെ റിമാൻഡിൽ കഴിയുന്നത്. ഇവരെ ഇന്നു കസ്റ്റഡിയിൽ കിട്ടത്തക്കവിധം പോലീസ് നേരത്തേ നടപടികൾ പൂർത്തിയാക്കിയിരുന്നു.
സംഭവത്തിലെ പ്രധാന സൂത്രധാരൻ ഈറോഡ് കൃഷ്ണപാളയം കക്കൻനഗർ നിത്യയിൽ ജനാർദനനാണ്. ഇടനിലക്കാരിയാണ് ഈറോഡ് പഴയ റെയിൽവേ സ്റ്റേഷൻ റോഡ് താമസക്കാരി സുമതി . ജനാർദനനിൽ നിന്നു ഒന്നേകാൽ ലക്ഷത്തിനു കുഞ്ഞിനെ വാങ്ങിയ കവിത, ഭാഗ്യലക്ഷ്മി എന്നിവരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളുടെ ഉന്നത മാഫിയാബന്ധം സൂചിപ്പിക്കുംവിധം പ്രമുഖ അഭിഭാഷകരാണ് ഇവർക്കായി രംഗത്തെത്തിയിരിക്കുന്നതെന്നും അറിയുന്നു.