റെജി ജോസഫ്
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാട്ടിലെ ഉസിലംപെട്ടി ഗ്രാമം. ഇപ്പോൾ ഇതാ ഉസിലംപെട്ടിക്കടുത്ത നാമക്കൽ ശിശുവ്യാപാരത്തിന് പ്രസിദ്ധി നേടിയിരിക്കുന്നു. പ്രസവിച്ചാലുടൻ കുഞ്ഞിനെ വാങ്ങാൻ വില പറഞ്ഞെത്തുന്ന ഇടനിലക്കാർ.
ഒരു കുഞ്ഞിനെക്കൂടി വളർത്താൻ വരുമാനമില്ലാത്ത ദന്പതികൾ പതിനായിരം രൂപക്ക് കുഞ്ഞിനെ വിൽക്കാൻ തയാറാകുന്നു. കരാർ ഉറപ്പിച്ചാൽ ആശുപത്രിയിൽനിന്നു തന്നെ കുഞ്ഞുങ്ങളെ ഇടനിലക്കാർ വാങ്ങിയെടുക്കുന്നു. അന്നുതന്നെ കുഞ്ഞിനെ വിലപേശി വിൽക്കാൻ തമിഴ്നാട്ടിൽ വലിയൊരു മാഫിയ സജീവം. ശിശുവ്യാപാര മാഫിയ വിവിധ ആശുപത്രികളിലെ ജീവനക്കാർ തന്നെ.
നാമക്കൽ തട്ടാൻഗുട്ടെ വള്ളിയമ്മാൾ നഗറിലെ ആർ അമുദവല്ലി (50)ക്ക് 20 വർഷത്തിലേറെയായി ശിശുവ്യാപാരമാണ് തൊഴിൽ. വ്യാപാരക്കൂട്ടാളിയായി ഭർത്താവ് രവിചന്ദ്രനും (55). ഇവർക്ക് കുഞ്ഞുങ്ങളെ എത്തിച്ചുകൊടുക്കാൻ വിവിധ ജില്ലകളിൽ ഏജന്റുമാരുടെ വലിയൊരു നിരയും. കുഞ്ഞിനെ ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയുമായി അ
മുദവല്ലി ഫോണിൽ നടത്തിയ സംഭാഷണം ഇങ്ങനെ;
കുഞ്ഞിനു വില 2.70 ലക്ഷം മുതൽ 4.15 ലക്ഷം വരെ. മൂന്നു കിലോ തൂക്കമുള്ള കുഞ്ഞിന് 2.90 ലക്ഷം. സുന്ദരിയായ പെണ്‍കുഞ്ഞിന് മൂന്നു ലക്ഷം. കറുത്ത ആണ്‍കുഞ്ഞിന് 3.30 ലക്ഷം. വെളുത്ത ആണ്‍കുഞ്ഞിന് 3.70 ലക്ഷം. അമൂൽ ബേബിക്ക് നാലു ലക്ഷം. ഈ സംഭാഷണം ഇപ്പോൾ വെബ് സൈറ്റുകളിൽ വൈറലായിരിക്കുന്നു.
കുഞ്ഞിനെ വേണ്ടവർ മുപ്പതിനായിരം രൂപ അഡ്വാൻസായി ഇവർ പറയുന്ന ബാങ്ക് അക്കൗണ്ടിൽ നൽകണം. കുട്ടിയെ വാങ്ങുന്ന ദന്പതികളുടെ വിലാസത്തിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് വേണമെങ്കിൽ എഴുപതിനായിരം രൂപ അധികം നൽകണം. ജനനസർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുക്കാൻ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ സഹായം ഇവർക്കു ലഭിച്ചിരുന്നു.
ഇറച്ചിക്കോഴിയുടെയും കോഴിമുട്ടയുടെയും ദക്ഷിണേന്ത്യയിലെ പ്രധാന മാർക്കറ്റാണ് നാമക്കല്ല്. കോഴികളെ മാത്രമല്ല കുഞ്ഞുങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വലിയ വിപണിയായി നാമക്കല്ല് പേരെടുത്തിരിക്കുന്നു.
അമുദവല്ലി പറയുന്ന ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ ഇടനിലക്കാരൻ കുഞ്ഞിനെ എത്തിച്ചുകൊടുക്കും. ഒരു മാസത്തിനുള്ളിൽ ജനന സർട്ടിഫിക്കറ്റും ഇവർ വീട്ടിലെത്തിക്കും. ദത്തെടുക്കൽ നിയമമോ നിബന്ധനകളോ ഒന്നും പാലിക്കാതെ ആവശ്യമുള്ളവർക്കൊക്കെ കുഞ്ഞുങ്ങളെ ഇവർ കാലങ്ങളായി നൽകിപ്പോരുന്നു.
പത്തു കോടി രൂപയോളം അമുദവല്ലി ശിശുവ്യാപാരത്തിലൂടെ സന്പാദിച്ചതായാണ് പോലീസ് പറയുന്നത്. കുഞ്ഞുങ്ങളെ എത്തിച്ചുനൽകിയ ബ്രോക്കർമാർക്ക് കൃത്യമായ വിഹിതം ഇവർ നൽകിയിരുന്നു. വിവിധ അക്കൗണ്ടുകളിലായി കോടികളുടെ നിക്ഷേപവും നാമക്കൽ, രാസിപുരം എന്നിവിടങ്ങളിലായി മൂന്നു ബംഗ്ലാവുകളും വാഹനങ്ങളും അമുദവല്ലി സ്വന്തമാക്കിയതായി പോലീസ് കണ്ടെത്തി.
രാസിപുരം ഗവണ്മെന്റ് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായിരുന്നു അമുദവല്ലി. അതിനു മുൻപ് സേലം, പള്ളിപ്പാളയം, തിരുച്ചങ്കോട്, വെളൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്തിരുന്നു. അക്കാലത്തൊക്കെ വാടകവീട്ടിൽ കഴിഞ്ഞിരുന്നയാൾ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വൻ ആസ്തികൾ സ്വന്തമാക്കി. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ജോലിയെക്കാൾ നേട്ടം ശിശുവ്യാപാരത്തിൽ നിന്നാണെന്നറിഞ്ഞതോടെ ഇവർ 2012ൽ ആശുപത്രി ജോലി രാജിവച്ചു.സഹകരണബാങ്കിലെ പ്യൂണായ ഭർത്താവ് രവിചന്ദ്രനും ശിശുവ്യാപാരത്തിൽ സജീവമായി. ഇവർ ഇതിനോടകം വിറ്റ കുഞ്ഞുങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നതിലാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.
ഇക്കാലത്ത് ഇവർ എത്ര കുഞ്ഞുങ്ങളെ വിറ്റുവെന്നത് ഇനിയും വ്യക്തമല്ല. 20 വർഷത്തിനിടെ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മാത്രമല്ല. ശ്രീലങ്കയിലും ഇവർ കുഞ്ഞുങ്ങളെ വിറ്റുവെന്നു നാമക്കൽ ജില്ലാ പോലീസ് ചീഫ് ആർ. അരുളരാസു വെളിപ്പെടുത്തുന്നു.
കൊള്ളിമല സെങ്കരയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറായ മുരുകനാണ് അമുദവല്ലിയുടെ വ്യാപാരത്തിലെ പ്രധാന ഇടനിലക്കാരൻ. ഗർഭിണികളെ ആംബുലൻസിൽ ആശുപത്രികളിലേക്കു കൊണ്ടുപോകുന്പോൾ എത്രാമത്തെ പ്രസവമാണെന്ന് ഇയാൾ തിരക്കും. മൂന്നാമത്തേതോ നാലാമത്തേതോ എങ്കിൽ കുട്ടിയെ ദത്തുകൊടുക്കുന്നോ എന്നു തന്ത്രപരമായി തിരക്കും. ദാരിദ്ര്യം കൊടികുത്തി വാഴുന്ന തമിഴ്ഗ്രാമങ്ങളിലെ ചില ദന്പതികൾ മുരുകന്റെ വാക്കുകളിൽ വീഴും. പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ ഇവർക്കു പ്രതിഫലം നൽകി മുരുകൻ കുഞ്ഞുങ്ങളെ വാങ്ങാറുണ്ട്.
ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരായ പർവീണ്‍, അരുൾസ്വാമി, ഹസീന തുടങ്ങി ഒട്ടേറെ പേർ മുരുകനെ ഈ വ്യാപാരത്തിൽ സഹായിച്ചിരുന്നു. മുരുകൻ പന്ത്രണ്ടു കുഞ്ഞുങ്ങളെ അമുദവല്ലിക്ക് വിൽപനയ്ക്കായി കൈമാറിയതായി തെളിഞ്ഞുകഴിഞ്ഞു. എന്നാൽ യഥാർഥ കണക്ക് ഇതിന്റെ പതിന്മടങ്ങാണെന്നു പോലീസ് സംശയിക്കുന്നു.
ഈറോഡ് ഭവാനി സ്വദേശികളായ ശെൽവി (29), ലീല (30) എന്നിവരും അമുദവല്ലിയുടെ ഇടനിലക്കാരാണ്. ദന്പതികൾക്കു വളർത്താൻ താൽപര്യമില്ലാത്ത കുഞ്ഞുങ്ങളെ ആശുപത്രികൾ കയറിയിറങ്ങി കണ്ടെത്തി മുരുകൻ മുഖേന വാങ്ങുകയായിരുന്ന ു ഇരുവരും. ഓരോ ഇടപാടിനും ഇവർക്ക് കൃത്യമായ നിരക്കിൽ വരുമാനം ലഭിച്ചിരുന്നു. ശെൽവിയും ലീലയും ആറു കുഞ്ഞുങ്ങളെ അമുദവല്ലിക്ക് നൽകിയതായാണ് കണ്ടെത്തൽ. എട്ടു വർഷമായി ഇവർ ശെൽവിയുടെ ശിശുവ്യാപാരത്തിലെ ഇടനിലക്കാരാണ്.
വിവിധ ആശുപത്രികളിലെ ജീവനക്കാരും ആംബുലൻസ് ഓട്ടോറിക്ഷ ഡ്രൈവർമാരും ഉൾപ്പെട്ട വലിയൊരു മാഫിയയാണ് നാമക്കൽ ശിശുവ്യാപാരത്തിനു പിന്നിലുള്ളത്. കുട്ടികളില്ലാതെ ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ചികിത്സയ്ക്കെത്തുന്ന ദന്പതികളെ രഹസ്യമായി കണ്ട് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നു. കുഞ്ഞുങ്ങളെ ആവശ്യമുള്ളവരെ അമുദവല്ലിയുമായി ബന്ധപ്പെടുത്തിയിരുന്നത് ഈ റാക്കറ്റാണ്. ഫോണിൽ സംസാരിക്കുന്നതും കച്ചവടം ഉറപ്പിച്ചിരുന്നതും അമുദവല്ലിതന്നെ.
എന്നാൽ വാടക ഗർഭധാരണം വരുമാനമാക്കിയ ഒരു പറ്റം സ്ത്രീകളും ഇവരുടെ കണ്ണികളിൽ ഉൾപ്പെട്ടിരുന്നു. ഒരു വാടകഗർഭധാരണത്തിന് ഒരു ലക്ഷം രൂപ ഇവർ പ്രതിഫലം പറ്റിയിരുന്നതായും മൂന്നു തവണ കുഞ്ഞുങ്ങളെ പ്രസവിച്ചു നൽകിയ സ്ത്രീകൾ നാമക്കൽ, ഈറോഡ്, തേനി പ്രദേശങ്ങളിലുമുണ്ടെന്നാണ് സൂചന.
കുഞ്ഞിനെ വളർത്തിയെടുക്കാനുള്ള വരുമാനമില്ലെന്നതാണ് കുഞ്ഞുങ്ങളെ വിൽക്കാൻ പല ദന്പതികളെും നിർബന്ധിതരാക്കുന്നത്. പ്രദേശത്തെ ഏറെപ്പേരും കൂലിവേലക്കാരും കോഴിഫാമുകളിലെയും തോട്ടങ്ങളിലെയും പശുഫാമുകളിലെയും ജോലിക്കാരുമാണ്. ഇവരുടെ പരമാവധി ദിവസ വേതനം 300 രൂപ. ഒന്നിലേറെ കുഞ്ഞുങ്ങളുണ്ടായാൽ പ്രത്യേകിച്ചും രണ്ടാമതും ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കിൽ വിൽക്കുക എന്നതാണ് ചിലരുടെയെങ്കിലും സാഹചര്യം. അവിഹിത ബന്ധങ്ങളിൽ പ്രസവിക്കുന്നവരുടെ കുഞ്ഞുങ്ങളെ രഹസ്യമായി ഇടനിലക്കാർക്കു വിൽക്കാൻ ആശുപത്രികൾ കേന്ദ്രീകരിച്ചും ഇതേ മാഫിയ പ്രവർത്തിച്ചിരുന്നു.
തമിഴ്നാട് ഹെൽത്ത് സെക്രട്ടറി ബീല രാജേഷിന്റെ നിർദേശമനുസരിച്ച് നാമക്കൽ ശിശുവ്യാപാരം അന്വേഷിക്കാൻ പോലീസിന്റെ 15 സ്പെഷൽ ടീമുകളാണ് അന്വേഷണം നടത്തിവരുന്നത്. രാസിപുരം നഗരത്തിലെ എട്ട് ആശുപത്രികളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ജനിച്ച കുഞ്ഞുങ്ങളുടെ വിലാസം ശേഖരിച്ച് പോലീസ് അന്വേഷണം തുടരുന്നു.
രാസിപുരം ഗവണ്മെന്റ് ആശുപത്രിയിൽ 2017നുശേഷം 980 കുഞ്ഞുങ്ങൾ ജനിച്ചതായാണ് രേഖകൾ. അതേ സമയം രാസിപുരം നഗരസഭയിൽനിന്ന് രണ്ടു വർഷത്തിനുള്ളിൽ 4,500 ജനന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിലെ അവ്യക്തതയാണ് പോലീസ് അന്വേഷിച്ചുവരുന്നത്. ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചെത്തുന്പോൾ പല വീടുകളും അടഞ്ഞു കിടക്കുന്നു.
മൂന്നാമത്തെയും നാലാമത്തെയും പ്രസവത്തിലുണ്ടായ കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്പോൾ നാട്ടിലില്ലെന്നും ബന്ധുക്കളെ വളർത്താൻ ഏൽപ്പിച്ചുവെന്നുമൊക്കെ മറുപടികൾ. ഇവിടെ ജനിച്ച കുഞ്ഞുങ്ങളൊക്കെ എവിടെ പോയി… അമുദവല്ലി വിറ്റഴിച്ച കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത്…ഇവർ ശിശുക്കളെ വിലപേശി വിറ്റത് വളർത്താൻ ആഗ്രഹിച്ചവർക്കു മാത്രമോ… അന്വേഷണത്തിന്റെ കണ്ണികൾ കണ്ണൂരിൽ വരെ എത്തിക്കഴിഞ്ഞു.