ചേരിയിൽ അനധികൃതമായി നിർമിച്ച ഷെഡ്ഡുകൾ നീക്കം ചെയ്യാൻ എത്തിയ അധികൃതരെ ഭയപ്പെടുത്താൻ ഷെഡ്ഡിനു മുകളിൽ കയറി നിന്ന് ആറുമാസം പ്രായമുള്ള കുട്ടിയെ വലിച്ച് എറിഞ്ഞ പിതാവ് അറസ്റ്റിൽ. താഴെ നിന്ന പോലീസുദ്യോഗസ്ഥർ കൃത്യമായി പിടിച്ചതിനാൽ കുട്ടിക്ക് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. സൗത്ത് ആഫ്രിക്കയിലെ പോർട്ട്എലിസബത്തിലുള്ള ക്വാദ്വേസിയിലാണ് സംഭവം നടന്നത്.
അനധികൃതമായി കെട്ടിപടുത്ത തൊണ്ണൂറ് ഷെഡ്ഡുകൾ പൊളിക്കാൻ അധികൃതരും പോലീസുമെത്തിയപ്പോൾ ഇവർക്കെതിരെ നടത്തിയ ലഹളയിൽ പങ്കെടുത്ത നൂറ്റിയന്പത് പേരിൽ ഒരാളായിരുന്നു മുപ്പത്തിയെട്ടുകാരനായ ഈ പിതാവ്. അധികൃതർ സമീപിച്ചപ്പോൾ അവരെ ഭീഷണപ്പെടുത്തിക്കൊണ്ട് ഇയാൾ കുട്ടിയുമായി വീടിനു മുകളിലേക്കു കയറുകയായിരുന്നു. പോലീസുകാരിൽ ഒരാൾ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഈ സമയം താഴെ നിൽക്കുകയായിരുന്ന സമരാനുകൂലികൾ കുട്ടിയെ എറിയൂ എന്ന് ആക്രോശിക്കുന്നുമുണ്ടായിരുന്നു. പെട്ടന്ന് ഇയാളെ പിടികൂടാൻ ഒരു പോലീസുദ്യോഗസ്ഥൻ പാഞ്ഞ് അടുക്കുന്പോൾ ഇയാൾ കൈയ്യിലിരുന്ന കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. താഴെ നിന്നിരുന്ന പോലീസുദ്യോഗസ്ഥരുടെ കൈകളിലേക്ക് കുട്ടി കൃത്യമായി വീണതിനാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
അനധികൃതമായി നിർമിച്ച 90 ഷെഡ്ഡുകൾ പൊളിച്ചുമാറ്റുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഗാർഹിക പീഡനം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിശുരക്ഷ ലൈംഗീകപീഡന പ്രതിരോധയൂണിറ്റ് ഈ പിതാവിനെതിരെ കേസെടുത്തത്. തുടർന്ന് അമ്മയോടൊപ്പം കുട്ടിയെ തിരിച്ചയച്ചു. മാത്രമല്ല അനധികൃതമായി നിർമിച്ച ഈ ഷെഡ്ഡുകൾ പോലീസ് പൊളിച്ചുമാറ്റുകയും ചെയ്തു.