ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് മൃഗശാലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. അപൂർവ ഇനത്തിൽപ്പെട്ട രണ്ടു കടുവക്കുഞ്ഞുങ്ങളുടെ ജനനമാണ് ഇവിടത്തെ ആഘോഷങ്ങൾക്ക് കാരണം.
ഒരു വർഷമായി ഒരുമിച്ചു കഴിയുന്ന ബന്യാൻ,ജൊഹാൻ എന്നീ കടുവകൾക്കാണ് ഈ കുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നത്. ജനിച്ച് ആറാഴ്ചകൾക്കുശേഷമാണ് ഇവരെ മൃഗശാലയിലെ സന്ദർശകരെ കാണിച്ചത്. ഈ പുതിയ അതിഥികൾ എത്തിയതോടെ മൃഗശാലയിലേക്ക് ആളുകളുടെ പ്രവാഹമാണ്. പക്ഷെ ആളുകളെ കാണുന്പോൾ ഇരുവരുടേയും കുസൃതി കൂടുന്നുമുണ്ട്.
സന്ദർശകരുടെ മനം കവരുന്ന കടുവക്കുഞ്ഞുങ്ങളിൽ ഒരെണ്ണം പെണ്ണും മറ്റെത് ആണുമാണ്. വംശനാശ ഭീഷണി നേരിടുന്ന മലയൻ വംശത്തിൽപ്പെട്ടവരാണ് ഈ കടുവക്കുഞ്ഞുങ്ങൾ. മാസങ്ങൾക്കുമുന്പ് ഈ വംശത്തിൽപ്പെട്ട മറ്റൊരു കടുവ പ്രസവിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഈ കുഞ്ഞുങ്ങൾ ചത്തിരുന്നു.
അതുകൊണ്ടുതന്നെ ഇത്തവണ ഏറെ കരുതലോടും പ്രാർഥനയോടുമാണ് മൃഗശാല അധികൃതർ പുതിയ അതിഥികളെ വരവേറ്റത്.കൂട്ടത്തിൽ പെൺകടുവാക്കുഞ്ഞിന് ശരീരഭാരം അൽപ്പം കുറവാണ്. ഇത് മൃഗശാല അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. മലയൻ കടുവകളുടെ പ്രജനനം നടത്തുന്ന യൂറോപ്പിലെ മൂന്നാമത്തെ മൃഗശാലയാണ് ചെക് റിപ്പബ്ലിക്കിലേത്. കടുവാക്കുഞ്ഞുങ്ങൾക്ക് ആറുമാസം പ്രായമാകുന്നതുവരെ ഇവരുടെ ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്ന് അധികൃതർ പറയുന്നു.