തിരുവനന്തപുരം: പ്രളയ ദുരിതമേഖലയിലെ കുട്ടികൾക്കായി തലസ്ഥാനത്ത് നിന്ന് കളിപ്പാട്ടവണ്ടി ഇന്നു തിരിക്കും . കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങൾ ശേഖരിച്ച് ദുരന്തമേഖലയിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ദുരന്തങ്ങൾ തകർത്തെറിയുന്നത് കുട്ടികളുടെ കളിചിരികൾ കൂടിയാണ് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചതെന്ന് റൈറ്റ്സ് സംഘടനാ ഭാരവാഹികൾ പറയുന്നു. കളിപ്പാട്ടങ്ങൾ കൊണ്ട് അവരുടെ സന്തോഷത്തിന്റെ ലോകം പുനർനിർമ്മിക്കുകയാണ് കളിപ്പാട്ടവണ്ടിയുടെ ലക്ഷ്യം. ദുരിതമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നവർക്ക് റൈറ്റ്സിന്റെ തിരുവനന്തപുരം ഓഫീസിൽ എത്തിക്കാം.
കളിപ്പാട്ടങ്ങൾക്ക് പുറമേ ക്രയോൺസും, കളർപെൻസിലും ചെസ് ബോർഡും തുടങ്ങി കുട്ടികൾക്ക് കളിക്കാനുളളതെന്തും ഇവർക്ക് കൈമാറാം. തിരുവനന്തപുരത്ത് നിന്ന് കളിപ്പാട്ടവണ്ടി ഇന്നു കോഴിക്കോട്ടേക്ക് പുറപ്പെടും. തലസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. പോകുന്ന വഴിയിൽ 100 കേന്ദ്രങ്ങളിൽ നിന്നും കളിപ്പാട്ടങ്ങൾ ശേഖരിക്കും.