കാബൂൾ: കുടുംബത്തിനു ഭാഗ്യം കൊണ്ടുവരുമെന്നു കരുതിയാണ് അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ കർഷകനായ അസദുള്ള തന്റെ മൂന്നാമത്തെ കുഞ്ഞിനു ഡോണൾഡ് ട്രംപ് എന്നു പേരിട്ടത്. പക്ഷേ, സംഭവിച്ചതു മറിച്ചാണ്. കുടുംബത്തിൽനിന്ന് ആരംഭിച്ച എതിർപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വധഭീഷണിയിലെത്തിയിരിക്കുന്നു.
കുഞ്ഞിനു പേരിടുന്പോൾ യഥാർഥ ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നില്ല. തൊടുന്നതെല്ലാം പൊന്നാക്കുന്ന ബിസിനസുകാരൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിച്ഛായ. എങ്ങനെ പണക്കാരനാകാം എന്നു വിവരിച്ച് ട്രംപ് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ‘ട്രംപ്: ഹൗ ടു ഗെറ്റ് റിച്ച്’ എന്നാണു പേര്. ഈ പുസ്തകത്തിന്റെ പരിഭാഷ വായിച്ചാണ് അസദുള്ള ട്രംപിന്റെ ആരാധകനായത്. 2016ൽ പിറന്ന മകന് ഡോണൾഡ് ട്രംപ് എന്നു പേരുമിട്ടു.
മുസ്ലിംവിരുദ്ധ പേരിട്ടതിന് അസദുള്ളയുടെ പിതാവ് തന്നെ ആദ്യം എതിർപ്പുന്നയിച്ചു. ഗ്രാമത്തിലും വലിയ എതിർപ്പുണ്ടായി. ഇതിനിടെ, അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് മുസ്ലിം വിരുദ്ധ നടപടികൾ ആരംഭിച്ചു.
ഇതോടെ, നാട്ടിൽ ജീവിക്കാൻ പറ്റാതായ അസദുള്ള കുടുംബവുമായി കാബൂളിലേക്കു താമസം മാറ്റി. എന്നാൽ, ഇവിടെയും സ്ഥിതിക്കു മാറ്റമുണ്ടായില്ല. കുഞ്ഞിന്റെ തിരിച്ചറിയിൽ കാർഡിന്റെ ചിത്രം സർക്കാർ ഉദ്യോഗസ്ഥർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്നിങ്ങോട്ട് വധഭീഷണിവരെ ലഭിച്ചു. എന്തായാലും കുഞ്ഞിന്റെ പേരുമാറ്റാൻ അസദുള്ള തയാറല്ല. അവനു പ്രായപൂർത്തിയാകുന്പോൾ വേണമെങ്കിൽ മാറ്റട്ടെയെന്നാണ് അദ്ദേഹം പറയുന്നത്.