കുരുന്നിനുവേണ്ടി നിയമം മാറ്റിവച്ച് യുഎഇ സർക്കാർ. മിശ്രവിവാഹിതരായ ദമ്പതികളുടെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനു യുഎഇ സർക്കാർ നിയമങ്ങൾ മാറ്റിവച്ച് ജനനസർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
മലയാളിയും ഹിന്ദുമതവിശ്വാസിയുമായ കിരണ്‍ ബാബുവും മുസ്ലിം വിഭാഗത്തിൽപ്പെട്ട സനം സാബു സിദ്ദിഖും 2016 മാർച്ചിൽ കേരളത്തിലാണ് വിവാഹിതരായത്. 2018 ജൂലൈയിൽ സനം അബുദാബിയിലെ ആശുപത്രിയിൽ പെണ്‍കുഞ്ഞിനു ജൻമം നൽകി. ഇതിനുശേഷമാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്.
യുഎഇയിൽ പ്രവാസികൾക്കുവേണ്ടിയുള്ള വിവാഹനിയമപ്രകാരം മുസ്ലിം പുരുഷന് ഇതരമതവിഭാഗത്തിൽപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാമെങ്കിലും മുസ്ലിം സ്ത്രീക്ക് മറ്റുമതവിഭാഗത്തിൽപ്പെട്ട പുരുഷനെ വിവാഹംചെയ്യാൻ അനുവാദമില്ല. ഇതോടെ ആശുപത്രി അധികൃതർ ജനന സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയായിരുന്നു.
കുഞ്ഞിന്റെ ജനനശേഷം ഞാൻ ഹിന്ദുവായതിനാൽ ജനനസർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന് നോണ്‍ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി കോടതി മുഖേന അപേക്ഷ നൽകി. നാലുമാസം വിചാരണ നടന്നുവെങ്കിലും വിധി അനുകൂലമായില്ല. ഇന്ത്യൻ എംബസി മടങ്ങാൻ വഴിയൊരുക്കിയെങ്കിലും കുഞ്ഞിന് രേഖകളില്ലാഞ്ഞതിനാൽ മടക്കം മുടങ്ങി. ഇതോടെ പൊതുമാപ്പ് ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു- കിരണ്‍ ബാബു പറഞ്ഞു. ഏപ്രിൽ 14-ന് വിഷുവിന്റെ തലേദിവസമാണ് ദന്പതികളുടെ മകളായ അനാംത ഏസ്ലിൻ കിരണിന്റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
2019 സഹിഷ്ണുതാ വർഷമായി യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതിൽ സഹിഷ്ണുതയുളള രാജ്യമാണ് യുഎഇയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹിഷ്ണുതാ വർഷം ആചരിക്കുന്നത്.