ജനിച്ച് മൂന്ന് ദിവസങ്ങൾ മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലാണ് സംഭവം.
പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ ഇട്ട ഏഴ് നായ്ക്കുഞ്ഞുങ്ങളുമായി ഒരു വാഹനത്തിൽ വന്നിറങ്ങിയ ഇവർ ഈ കൂട് മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉടൻ തന്നെ ഇവർ വാഹനത്തിൽ തിരികെ കയറി ഇവിടെ നിന്നും പോകുകയും ചെയ്തു.
ഇതുവഴി നടന്നു പോയ ഒരാളാണ് ഈ നായക്കുഞ്ഞുങ്ങളെ രക്ഷിച്ചത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. മൃഗങ്ങൾക്കെതിരെ ക്രൂരത ചെയ്തെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ യുവതിയെ അറസ്റ്റ് ചെയ്തത്.
ഇവർ നായ്ക്കുഞ്ഞുങ്ങളെ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.