“ദൈവത്തിനു മുന്നിൽ പൂർണ സ്വതന്ത്രനാകാൻ നമുക്കു പറ്റുമോ”-താൻ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയിൽ കൂസലില്ലാതെ കയറി കളിയിൽ മുഴുകിയ കുഞ്ഞുമിടുക്കനെ കണ്ടപ്പോൾ ഫ്രാൻസിസ് മാർപാപ്പ ചോദിച്ചു.
സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടിയെ തടയാൻ മാർപാപ്പയോ, സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാർഡുകളോ മുതിർന്നില്ല. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇന്നലെ മാർപാപ്പ സംസാരിക്കുന്പോഴായിരുന്നു ഈ കൗതുകക്കാഴ്ച.
വേദിയിലേക്കു കയറിയ ബാലൻ ഒന്നും വകവയ്ക്കാതെ മാർപാപ്പയ്ക്കും സ്വിസ് ഗാർഡിനു ചുറ്റും ഓടിനടന്നു. സ്വിസ് ഗാർഡിനെ തൊട്ടുനോക്കി.
കുട്ടിക്ക് സംസാരിക്കാനും കേൾക്കാനും കഴിയില്ലെന്ന് മാർപാപ്പ സദസിനോടു വിശദീകരിച്ചു. എന്നിരുന്നാലും അവനറിയാം എങ്ങനെ ആശയവിനിമയം നടത്തണമെന്ന്. ദൈവത്തിനു മുന്നിൽ ഇതുപോലെ സ്വതന്ത്രനാകാൻ എനിക്കു കഴിയുമോയെന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്- മാർപാപ്പ പറഞ്ഞു. പിന്നീട് ബാലനുവേണ്ടി മാർപാപ്പ പ്രാർഥിച്ചു.