കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം വെസ്റ്റോൺ എന്ന അഞ്ചു വയസുകാരന്റെ ജന്മദിന ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച. ആ കഥയറിയാം.
ആയിരക്കണക്കിന് കളിപ്പാട്ടങ്ങൾ. സൂപ്പർ ഹീറോകൾ, ദിനോസറുകൾ… പലതരം കളിപ്പാട്ടങ്ങളാണ് പെൻസിൽവാനിയയിലെ തെരുവിൽ നിരത്തിവച്ചിരിക്കുന്നത്. പക്ഷെ കളിപ്പാട്ടങ്ങളല്ല ഹീറോ, അതിന്റെ അടുത്തുള്ള ഒരു കുട്ടിയാണ്. വെസ്റ്റോണ്, അങ്ങനെയാണ് അവന്റെ പേര്. ആയിരക്കണക്കിന് കളിപ്പാട്ടങ്ങളുമായി അവൻ എത്തിയതിന്റെ പിന്നിൽ ഒരു കഥയുണ്ട്, അതീജീവനത്തിന്റെ കഥ.
2016നവംബറിലാണ് കാൻസർ വില്ലനായി വെസ്റ്റോണിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ആരും തളർന്നുപോകുന്ന അവസ്ഥ. പക്ഷെ വെസ്റ്റോണിന്റെ അമ്മ ആമി ന്യൂസ്വങ്ർ തളർന്നില്ല. പെൻസിൽവാനിയയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ ആരംഭിച്ചു. രണ്ടു വർഷത്തെ ചികിത്സയിലൂടെ കാൻസർ പൂർണമായും ഭേദമായി.
കഴിഞ്ഞ സെപ്റ്റംബർ 26ന് വെസ്റ്റോണിന്റെ അഞ്ചാം ജന്മദിനമായിരുന്നു. കാൻസറിൽ നിന്ന് സുഖപ്പെട്ടതിനു ശേഷമുളള ആദ്യത്തെ ജന്മദിനം. മകന്റെ ജന്മദിനം ആഘോഷമായി നടത്താനായിരുന്ന അമ്മ ആമി ന്യൂസ്വങ് റിന്റെ ആഗ്രഹം. കാൻസറിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട മകന്റെ ജന്മദിനമായ സെപ്റ്റംബറിനെ BIG MONTH എന്നാണ് ആമി വിശേഷിപ്പിച്ചിരുന്നത്.
സമ്മാനമായി എന്താണ് വേണ്ടതെന്ന അമ്മയുടെ ചോദ്യത്തിന് വെസ്റ്റോണിന്റെ മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എനിക്ക് ഒന്നും വേണ്ട, പക്ഷെ പെൻസിൽവാനിയയിലെ കുട്ടികളുടെ ആശുപത്രിയിൽ നൽകാനായി എനിക്ക് കുറച്ച് കളിപ്പാട്ടങ്ങൾ വേണം.- വെസ്റ്റോണ് പറഞ്ഞു.
വെസ്റ്റോണിന്റെ ആഗ്രഹം നിറവേറ്റണം. ആമിയുടെ പിന്നീടുള്ള ആഗ്രഹമതായി. ബന്ധുക്കളോടും സുഹൃത്തുക്കളോടും മകന്റെ ആഗ്രഹം ആമി പങ്കുവച്ചു. അവരെല്ലാം സഹകരിച്ചു. ആ കളിപ്പാട്ടങ്ങളാണ് പെൻസിൽവാലിയയിലെ വഴിയോരത്ത് വെസ്റ്റോണിനൊപ്പമുള്ളത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ കുട്ടികൾക്ക് നൽകാനായി കളിപ്പാട്ടങ്ങളുമായി എത്തിയ വെസ്റ്റോണിന്റെ ഫോട്ടോ അമ്മയാണ് സോഷ്യൽ മീഡിയവഴി പങ്കുവച്ചത്. ഈ അഞ്ചുവയസുകാരനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
എസ്ടി