വിമാനത്തിൽ വച്ച് യാത്രക്കാർക്ക് നേരെ മോശമായ പെരുമാറ്റം നേരിടേണ്ടി വന്ന വാർത്തകൾ നമ്മളെല്ലാം വായിച്ചും കണ്ടും മനസിലാക്കിയതാണ്. എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായിരിക്കുകയാണ് വെസ്റ്റ് ജെറ്റ് എയർലൈൻസ് വിമാനത്തിലെ ജീവനക്കാർ.
വിമാനയാത്രക്കിടയിൽ ദമ്പതികളുടെ കുഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയപ്പോൾ സഹായിക്കാൻ എത്തിയത് വിമാനത്തിലെ ജീവനക്കാരായിരുന്നു. വൈറ്റ്നി പോയന്റ്സും ഭർത്താവും നാലുമാസം പ്രായമുള്ള കുട്ടിയും അവധിക്കാലം ആഘോഷിച്ചതിനു ശേഷം അമേരിക്കയിലെ പാം സ്പ്രിംഗ്സിൽ നിന്നും കാനഡയിലെ കാൽഗറിയിലേക്കു മടങ്ങുന്നതിനായാണ് വെസ്റ്റ് ജെറ്റ് എയർലൈൻസിൽ കയറിയത്. വിമാനം യാത്ര ആരംഭിച്ചപ്പോൾ ഉറക്കത്തിലായിരുന്ന കുട്ടി വിമാനത്തിലെ ഇറെർകോമിലൂടെയുള്ള ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഉണരുകയായിരുന്നു. വീണ്ടും കുട്ടിയെ ഉറക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഉറങ്ങാതെ കരഞ്ഞു ബഹളം വയ്ക്കാൻ തുടങ്ങി.
എത്ര ശ്രമിച്ചിട്ടും കുട്ടി ഉറങ്ങാതെ വന്നപ്പോൾ വിമാനത്തിലെ ജീവനക്കാരിയായ ആഷ്ലി ഇവരുടെ സഹായത്തിനായി എത്തുകയായിരുന്നു. ഇവർ കുട്ടിയെ കൈയിൽ എടുത്ത് വിമാനത്തിനുള്ളിൽ കൂടി നടക്കുകയും ജനലിനരികിൽ എത്തി പാട്ട് പാടി ഉറക്കുകയുമായിരുന്നു. നാട്ടിലെത്തിയ വൈറ്റ്നി ആഷ്ലിക്കും സഹപ്രവർത്തകർക്കും നന്ദിപറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വൈറലായ ഈ പോസ്റ്റ് 8,500 പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.