വിഴിഞ്ഞം : മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വര അമലോത്മാതാ മലങ്കര ചർച്ചിന് സമീപത്തെ കുരിശടിക്ക് മുന്നിൽ ഇന്നലെ വൈകുന്നേരം നാലിന് പെൺകുഞ്ഞിനെ കണ്ടെത്തിയത്.
വിഴിഞ്ഞം – കളിയിക്കാവിള തീരദേശ റോഡിന് സമീപമാണെങ്കിലും ലോക്ക് ഡൗൺപ്രമാണിച്ച് പ്രദേശം വിജനമായിരുന്നു. ഇത് മുതലെടുത്താവാം കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കേസെടുത്ത വിഴിഞ്ഞം പോലീസ് അറിയിച്ചു.
ഇതിന് സമീപത്തു കൂടി സഞ്ചരിച്ച അമ്മയും മകനുമാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഇവർ പ്രദേശവാസികളെ വിവരമറിയിച്ചു.
വിഴിഞ്ഞം പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും എത്തി ആദ്യം കുഞ്ഞിനെ വിഴിഞ്ഞം സിഎച്ച്സി യിലും തുടർന്ന് നഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞിനെ നിരീക്ഷണത്തിനായി നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.