കോഴിക്കോട്: വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സർവീസിൽനിന്നു പുറത്താക്കാൻ നിർദേശം. കോഴിക്കോട് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ച യുപി വിഭാഗം അധ്യാപകൻ ശ്രീനിജിനെ സർവീസിൽനിന്ന് പുറത്താക്കാനാണ് സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് സർക്കാരിനു നിർദേശം നൽകിയത്.
കുട്ടിയെ കഴുത്തിനു പിടിച്ച് ഉയർത്താൻ ശ്രമിക്കുകയും മുഖത്തു നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഈ അധ്യാപകൻ മറ്റു കുട്ടികളെയും സമാനമായി നിലത്തിട്ടു മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി മൊഴികളിൽ വ്യക്തമായിട്ടുണ്ടെന്നു ചെയർമാൻ പറഞ്ഞു.
ഡിസംബർ രണ്ടിനാണു കേസിനാസ്പദമമായി സംഭവം നടന്നത്. മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെയും രക്ഷാകർത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികൾ കമ്മീഷൻ രേഖപ്പെടുത്തി.
മെഡിക്കൽ കോളജിൽ നിന്നുളള റിപ്പോർട്ട്, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് എന്നിവ തെളിവായി സ്വീകരിച്ചാണു കമ്മീഷൻ ഈ നിഗമനത്തിൽ എത്തിയതെന്നു സുരേഷ് പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നുളള നിർദ്ദേശ പ്രകാരം കുട്ടി സെർവിക്കൽ കോളർ ധരിച്ചിരിക്കുകയാണ്.
മുന്പ് സമാനമായ സംഭവത്തിൽ ഈ അധ്യപകനെ ആറു മാസത്തേക്കു സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ഹിയറിംഗ് നടത്തി തിരിച്ചെടുക്കുകയായിരുന്നു. ആ കേസിൽ അച്ചടക്ക നടപടി തുടരണമെന്ന് അധികൃതരുടെ നിർദ്ദേശം മാനേജ്മെന്റ് നടപ്പാക്കിയിട്ടില്ലെന്ന് കമ്മീഷന് ബോധ്യമായി. പുതിയ കേസിൽ കമ്മീഷന്റെ ശുപാർശ അനുസരിച്ച് അധ്യാപകനെതിരെ മാനേജ്മെന്റ് നടപടി സ്വീകരിക്കാത്ത പക്ഷം പിരിച്ചുവിടാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ നിർദ്ദേശ നൽകി.
സംഭവം നടന്ന രണ്ടാം തിയതി കുട്ടി നൽകിയ പരാതി തൊട്ടടുത്ത ദിവസം ഹെഡ്മാസ്റ്റർ കുന്ദമംഗലം പോലീസിന് കൈമാറിയെങ്കിലും ഏഴാം തീയതി മാത്രമാണ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയത്. പ്രതിയായ അധ്യാപകൻ ആറാം തീയതി വരെ സ്കൂളിൽ ഹാജരായിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തതിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷൻ വിലയിരുത്തി. ഈ കാര്യത്തിൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ നടപടി എടുക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.