അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിനുള്ളിൽ ആണ്കുഞ്ഞിനു ജൻമം നൽകി.
മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറയിലെ താമസക്കാരനുമായ ടികാമിന്റെ ഭാര്യ ഹേമാവതി (31) ആണ് 108 ആംബുലൻസിനുള്ളിൽ ആണ്കുഞ്ഞിന് ജൻമംനൽകിയത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10.30-നാണ് സംഭവം. ഹേമാവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ ബന്ധപ്പെട്ടു.
തുടർന്ന് ഇവർ 108 ആംബുലൻസിന്റെ സേവനം തേടി. കണ്ട്രോൾ റൂമിൽനിന്നുള്ള നിർദേശാനുസരണം ഉടൻ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാഹനം എത്തി.
എമർജൻസി മെഡിക്കൽ ടെക്നീഷൻ ആഷ്ലി ജോസഫ് നടത്തിയ പരിശോധനയിൽ ഹേമാവതി തീരെ അവശയാണെന്നും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി.
തുടർന്ന് ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ഹേമാവതിയെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.
അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തിയപ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി.
തുടർന്ന് സമീപത്തെ ഒരു ക്ലിനിക്കിലേക്ക് ഇവരെ മാറ്റി. ക്ലിനിക്കിൽ ഡോക്ടർ എത്തുന്നതിനു മുൻപുതന്നെ രാത്രി 11-ഓടെ ആഷ്ലിയുടെ പരിചരണത്തിൽ ഹേമാവതി കുഞ്ഞിന് ജൻമംനൽകി.
തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രൻ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയശേഷം ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആഷ്ലി യുടെയും പൈലറ്റ് മോൻസൻ പി. സണ്ണിയുടെയും പരിചരണത്തിൽ കനിവ് 108 ആംബുലൻസിൽ ഒരുവർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രസവമാണിത്.
കഴിഞ്ഞ വർഷമാണ് ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി വാഹനം റോഡിൽ ഒതുക്കി ആഷ്ലി പ്രസവത്തിന് പരിചരണം നൽകിയത്.