പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും രംഗത്ത്.
കൊലപാതകത്തിൽ ആസിയയ്ക്കു മാത്രമല്ല അവരുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായിട്ടാണ് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തുവന്നത്.
സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ. മുഹമ്മദ് ഷാന്റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ആസിയയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പറഞ്ഞു.
കുട്ടി മരിച്ചു കിടക്കുന്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. കാമുകനൊപ്പം പോകാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും ഇവർ ആരോപിച്ചു.
എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നു സ്ഥിരീകരിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്.
ഇതോടെയാണ് കുട്ടിയുടെ അമ്മ ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.