കേംബ്രിഡ്ജ്: അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 12 വയസുകാരി മാര്‍ലയുടെ വിവേകപൂര്‍ണമായ തീരുമാനം പ്രതീക്ഷകള്‍ അസ്തമിച്ച് നിരാശരായി കഴിഞ്ഞിരുന്ന ആറു പേരെ പുത്തന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
മാതാപിതാക്കളോടൊപ്പം മെക്‌സിക്കോ സന്ദര്‍ശനത്തിനുപോയ മാര്‍ല കാക്കണിയില്‍ വച്ചു അപകടത്തില്‍പ്പെടുകയും തലയ്ക്ക് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്തു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുറമെ കാര്യമായ പരിക്കുകളൊന്നും കാണാതിരുന്ന മാര്‍ല പതിനഞ്ച് മിനിറ്റിനകം അബോധാവസ്ഥയിലാവുകയും ചെയ്തു.
ശരീരത്തിന് പൂര്‍ണ ആരോഗ്യം ഉണ്ടായിരുന്നെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ലയുടെ മാതാപിതാക്കളും സഹോദരങ്ങളും പ്രത്യേക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് മാര്‍ലയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
വിദഗ്ധ ചികിത്സ ആശുപത്രിയില്‍ ലഭിച്ചുവെങ്കിലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
താങ്ക്‌സ് ഗിവിംഗ് ദിവസം കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരം മാര്‍ലയുടെ ശരീരത്തില്‍ നിന്നും ഏഴ് അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു.
ഇവ ആവശ്യമായിരുന്ന ആറുപേരില്‍ വച്ചുപിടിപ്പിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. മാര്‍ലയും ഇതിനു സമ്മതംമൂളിയതായി മാതാവ് പറഞ്ഞു.
മാര്‍ലയുടെ ജീവിതം താത്കാലികമായി അവസാനിച്ചുവെങ്കിലും അവരുടെ ധീരോദാത്തമായ തീരുമാനം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായാണ് അവശേഷിപ്പിച്ചിരിക്കുന്നത്.
മാര്‍ല ഇനി ജീവിക്കുക ആറു പേര്‍ക്ക് നല്‍കിയ അവയവങ്ങളിലൂടെ ആയിരിക്കുമെന്നും മാതാവ് പറഞ്ഞു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍