തലശേരി: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി വീട്ടിൽ പ്രസവിച്ചു. കുഞ്ഞ് മരിച്ചു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലത്തിലെ പാനൂരിൽ ഇന്നു രാവിലെ 7.30 ഓടെയാണ് സംഭവം. പാനൂർ മാണിക്കോത്ത് വീട്ടിൽ സമീറ (35)യാണ് വീട്ടിൽ പ്രസവിച്ചത്.
22 നാണ് സമീറയോട് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നത്. എന്നാൽ ഇന്നു രാവിലെ പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയുമായിരുന്നു.
പ്രസവ വേദന അനുഭവപ്പെട്ടയുടൻ പാനൂർ ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയെങ്കിലും കോവിഡിന്റെ പേര് പറഞ്ഞ് ചികിത്സ നിഷേധിച്ചതായി സമീറയുടെ ഭർത്താവ് ഹനീഫ രാഷ്ട്രദീപികയോട് പറഞ്ഞു.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ വിദഗ്ധ ചികിത്സയ്ക്കായി തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹം പാനൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.