അംറോഹ(യുപി): സഹോദരന് അനന്തരാവകാശിയായി ആൺകുഞ്ഞില്ലാത്തതിനാൽ മൂന്നു വയസ് പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുപ്പത്തഞ്ചുകാരി പിടിയിൽ.
ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. സഹോദരനും സഹോദരഭാര്യയും ആൺകുഞ്ഞ് ഉണ്ടാകാത്തതിൽ വിഷമിക്കുന്നതു കണ്ടാണു യുവതി കടുംകൈ ചെയ്തത്. 26കാരിയായ സഹോദര ഭാര്യയും 32 കാരനായ സഹോദരനും മറ്റൊരാളും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.
കുട്ടിയെ കാണാതായതിനെത്തുടർന്നു സ്ഥലത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചപ്പോൾ കുഞ്ഞിനെ എടുത്ത് കൗമാരക്കാരനായ ഒരാൾ തിടുക്കത്തിൽ പോകുന്നത് കണ്ടു. ഇയാളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതോടെയാണു സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്.
അമ്മയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും അമ്മയുടെ സഹോദരന്റെ ഭാര്യയ്ക്ക് കുഞ്ഞിനെ കൈമാറിയെന്നും കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. കുട്ടിയെ പിന്നീടു സുരക്ഷിതമായി പോലീസ് രക്ഷിതാക്കൾക്കു കൈമാറി.