കണ്ണൂര്‍: അപൂർവ ജനിതക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞ് ഇനാറ മറിയത്തെയും കൊണ്ട് ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽനിന്ന് അതിവേഗം പാഞ്ഞ കെഎംസിസിയുടെ ആംബുലൻസ് ബംഗളൂരു മണിപ്പാൽ ആശുപത്രിയിലെത്തുംവരെ വഴിയൊരുക്കി നാടും നഗരവും.
അഞ്ച് മണിക്കൂറുകൊണ്ട് ബംഗളൂരുവിൽ എത്തിച്ചേരാനാണ് ഡോക്ടർമാർ നിർദേശം നൽകിയതെങ്കിലും ഒരുമണിക്കൂർ മുന്‍പേ ആംബുലൻസ് ബംഗളൂരുവിലെത്തി.
ചാല മിംസ് ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ 11ന് തുടങ്ങിയ യാത്ര മന്പറം, കൂത്തുപറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, മാക്കൂട്ടം വഴി പെരുന്പാടി, ഗോണിക്കുപ്പ, ഹുൻസൂർ, ശ്രീരംഗപട്ടണം, മാണ്ഡ്യ, മധൂർ വഴി ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിലെ ആശുപത്രിയിലെത്തി.
കാസർഗോഡ് സ്വദേശി ഹനീഫയായിരുന്നു ആംബുലൻസ് ഡ്രൈവർ. വഴിയിലുടനീളം കേരള പോലീസും കേരള എമർജൻസി ടീമും കെഎംസിസി പ്രവർത്തകരും ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കി.
കർണാടകയിൽ സീറോ ട്രാഫിക് ഒരുക്കിനൽകി കർണാടക പോലീസും ഉദ്യമത്തിൽ പങ്കാളികളായി.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദ്-ഫാത്തിമ ഹിസാന ദന്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള ഇനാറ മറിയത്തിനുവേണ്ടിയാണ് നാടൊന്നിച്ച് അണിനിരന്നത്.
പ്രാർത്ഥനയോടെയാണ് മലയാളികൾ കുഞ്ഞുജീവനായി വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിലൂടെ ട്രാഫിക് നിയന്ത്രണങ്ങൾ നടത്തുവാനുളള ആഹ്വാനങ്ങൾ നടന്നിരുന്നു.
എന്നാൽ കോടികള്‍ ചെലവ് വരുന്ന ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥയിലാണ് കുടുംബം.
നികുതികൂടാതെ 18 കോടി വിലവരുന്ന സോള്‍ജെന്‍സ്മ മരുന്ന് അടിയന്തരമായി എത്തിച്ച് ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
എസ്എംഎ വണ്‍ സ്റ്റേജിലാണ് കുഞ്ഞിന്റെ അവസ്ഥയെന്നും അതിനാല്‍ ചികിത്സ ഫലിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പിതാവിനും കുടുംബത്തിനും താങ്ങാന്‍ കഴിയാത്തതാണ് ഇത്രയും വലിയ തുക. ഇനാറ മോളുടെ തുടര്‍ചികിത്സയ്ക്കും വിദേശനിര്‍മിത മരുന്ന് എത്തിക്കുന്നതിനും സുമനസുകളുടെ കൈത്താങ്ങ് അനിവാര്യമാണ്.
ഈ തുക കണ്ടെത്തുന്നതിനായി നാട്ടുകാര്‍ വിപുലമായ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സഹായങ്ങള്‍ ചുവടെ ചേർത്ത അക്കൗണ്ട് നന്പറുകളിൽ നൽകാം.
എസ്ബിഐ കാടാച്ചിറ, അക്കൗണ്ട് നമ്പര്‍: 40344199787, കേരള ഗ്രാമീണ്‍ബാങ്ക് എടക്കാട്, അക്കൗണ്ട് നമ്പര്‍: 40502101030248, ഗൂഗിൽ പേ നമ്പര്‍: 9744918645 (ഹാഷിം ബപ്പന്), 8590508864.(കെ.ടി. ഫര്‍സാന).