ഗാന്ധിനഗർ: ആശുപത്രി മാലിന്യത്തിൽനിന്നും ലഭിച്ച നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്റേതല്ലെന്ന് ആശുപത്രി അധികൃതർ.
മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നടന്നിട്ടുള്ള പ്രസവത്തിൽ ഒരു നവജാത ശിശുവും മരണപ്പെട്ടിട്ടില്ല.
മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ മഞ്ഞ പ്ലാസ്റ്റിക് കവറിലാണ് സൂക്ഷിക്കുന്നത്.
അടുത്തദിവസങ്ങളിലൊന്നും ഗൈനക്കോളജി ഭാഗത്തുനിന്നും പ്ലാസ്റ്റിക് മാലിന്യം കയറ്റി വിട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽനിന്നും കയറ്റിക്കൊണ്ടുപോയ മാലിന്യത്തിലാണു പ്രസവിച്ചിട്ട് അധിക ദിവസമാകാത്ത ഒരാണ്കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
നാലാം വാർഡിനു സമീപത്തുള്ള , ശേഖരണകേന്ദ്രത്തിൽനിന്നുമാണ് ഏജൻസി കൊണ്ടുപോയിട്ടുള്ളത്.
ഗൈനക്കോളജി വിഭാഗത്തിൽ മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണ് പതിവ്.
ഫ്രീസർ നിറയുന്പോൾ സർക്കാർ ചെലവിൽതന്നെ സംസ്കരിക്കും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം ഫ്രീസറിനുള്ളിൽ നിന്നും നീക്കിയിട്ടുമില്ല.
എല്ലാ ദിവസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കൊണ്ടുപോകാറുണ്ട് ഒരു ലോഡ് തികയ്ക്കാൻ മറ്റ് സർക്കാർ ആശുപത്രികളിൽനിന്നുള്ള മാലിന്യംകൂടി ശേഖരിച്ച് ഒരു ലോഡ് പൂർത്തിയാക്കിയാണ് അന്പലമുകളിലുള്ള സംസ്കരണ പ്ലാന്റിൽ എത്തിക്കുന്നത്.
അതിനാൽ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്നോ, അല്ലെങ്കിൽ മെഡിക്കൽ കോളജിലെ കവറിൽ ആരെങ്കിലും മൃതദേഹം നിക്ഷേപിച്ചതോ ആയിരിക്കാമെന്നും അധികൃതർ പറഞ്ഞു.
ഏജൻസി പറയുന്നത്:
കീൽ എന്ന സർക്കാർ ഏജൻസിയാണ് പ്ലാസ്റ്ററിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കോട്ടയം മെഡിക്കൽ കോളജിന്റെ മാലിന്യപ്ലാന്റിൽനിന്ന് അന്പലമുകളിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോയത്. മാലിന്യം വേർതിരിക്കുന്പോഴാണ് ചുവന്ന പ്ലാസ്റ്റിക്ക് കവറിനുള്ളിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നന്പർ പരിശോധിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള കവറാണെന്നു മനസിലായതെന്നും ഏജൻസിയുടെ മാനേജർ പറയുന്നു.
ശസ്ത്രക്രിയാ അവശിഷ്ടങ്ങളും ശരീര ഭാഗങ്ങളും നവജാത ശിശുക്കളുടെ മൃതദേഹങ്ങളും സംസ്കരിക്കുന്നതിനായി ആശുപത്രികളിൽ നിന്നും അയയ്ക്കാറുണ്ടെന്നും ഏജൻസി പറയുന്നു.
നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് ആശുപത്രിയിൽ നിന്നുള്ള രേഖകൾ സഹിതം പ്രത്യേക സംവിധാനത്തിലാണ് അയയ്ക്കാറുള്ളത്.
അതിനാൽ മാലിന്യത്തിൽനിന്നുള്ള മൃതദേഹങ്ങൾ പ്രത്യേകമായി പ്ലാന്റിൽ സംസ്കരിക്കും. ഇത്തരം മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ നേരിട്ട് കത്തിച്ചുകളയുകയാണ് ചെയ്യുന്നതെന്നും ഏജൻസി പറയുന്നു.