കൊല്ലം: കാണാതായ രണ്ട് വയസുകാരനെ തിരച്ചിലിനൊടുവില്‍ രണ്ട് കിലോമീറ്ററപ്പുറമുള്ള വയലില്‍നിന്ന് കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ ഇടയം-കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡരികിലാണ് രണ്ട് വയസുകാരന്റെ വീട്.
ഇതിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു.
അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം വരെ എത്തി.
എല്ലാവരും വീട്ടില്‍ കയറിയെന്ന് കരുതി ബന്ധു മടങ്ങുകയും ചെയ്തു. എന്നാല്‍ കുട്ടി വീട്ടിലെത്തിയില്ലെന്ന് മനസിലായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ഇതിനിടെ അഞ്ചല്‍ പോലീസും ഇവിടെയെത്തി. ഒരു മണിക്കൂറിന് ശേഷം പൊലിക്കോട്-അറയ്ക്കല്‍ റോഡില്‍ ഇടയം ഭാഗത്തെ വയലില്‍നിന്ന് കുട്ടിയെ കണ്ടെത്തി.
അഞ്ചലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടിക്ക് മറ്റു പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു ബോധ്യമായതോടെ ഒരു മണിക്കൂറിനു ശേഷം തിരികെ വീട്ടിലെത്തിച്ചു.
കുട്ടി ഒറ്റയ്ക്ക് ഇത്രയും ദൂരം പോകാന്‍ സാധ്യതയില്ലെന്നും ആരെങ്കിലും കടത്തിക്കൊണ്ട് പോയതാകാമെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.