സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തു കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് 1,118 പേര്. മക്കളില്ലാത്തവരും കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായ ദമ്പതികളും ജീവിതപങ്കാളി നഷ്ടമായവരും അപേക്ഷകരിലുണ്ട്.
വനിതാ, ശിശു ക്ഷേമ വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ 15 അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളിൽ നിലവിലുള്ളത് 168 കുട്ടികൾ.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഒരുവര്‍ഷം കേരളത്തില്‍നിന്നു 133 കുട്ടികളെ ദത്തെടുത്തു.
ഇതിൽ 69 പെണ്കുഞ്ഞുങ്ങളും 64 ആണ്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 120 കുട്ടികളെ രാജ്യത്തിനകത്തുള്ള അപേക്ഷകര്‍ ദത്തെടുത്തപ്പോള്‍ 13 പേരെ വിദേശത്തേക്കാണു നിയമപ്രകാരം ദത്തു നല്‍കിയത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 31 കുട്ടികളെ കേരളത്തില്‍നിന്നു ദത്തെടുത്തിട്ടുണ്ടെന്നും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (എസ്എആര്‍എ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളുണ്ട്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ രണ്ടു വീതവും മറ്റു ജില്ലകളില്‍ ഓരോ സ്ഥാപനങ്ങളുമാണുള്ളത്.
ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മറ്റു ബാലമന്ദിരങ്ങളിലെ കുട്ടികളെ അതതു ജില്ലകളിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ വഴിയാണു ദത്തു നല്‍കുന്നത്.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അഥോറിറ്റിക്കാണു (സിഎആര്‍എ) രാജ്യത്തു കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിന്റെ മുഖ്യചുമതല.
അഥോറിറ്റിയുടെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം (കെയറിംഗ്സ്) വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നു മുന്ഗണനാപ്രകാരമാണു കുഞ്ഞുങ്ങളെ നല്‍കുന്നത്.
2017 ലെ അഡോപ്ഷന്‍ റഗുലേഷന് ആക്ട് പ്രകാരം രാജ്യത്തെ പൗരന്മാര്ക്കു ഇന്ത്യയ്ക്കകത്തും പുറത്തുംനിന്നു കുഞ്ഞുങ്ങളെ ദത്തെടുക്കാം.
ഇതിന്റെ ചുവടുപിടിച്ചാണ് ഇതരസംസ്ഥാനങ്ങളിലേക്കു കേരളത്തിലെ കുഞ്ഞുങ്ങളെ ദത്തുകൊണ്ടുപോകുന്നത്.
ഓരോ കുഞ്ഞിനും തങ്ങള്‍ പിറന്ന സംസ്കാരത്തില്‍ വളരാനുള്ള അവകാശമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന് മുന്‍ അംഗം ഡോ. എം.പി. ആന്റണി പറഞ്ഞു.
തിരുവനന്തപുരത്ത് അമ്മയറിയാതെ ദത്തു നല്കിയെന്നു പരാതിയുയര്‍ന്ന സംഭവത്തില്‍, കുഞ്ഞ് ഇപ്പോള്‍ ആന്ധ്രപ്രദേശിലാണുള്ളതെന്ന വിവരം പുറത്തുവന്നിരുന്നു.
സംസ്ഥാനത്തു സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിപ്രകാരം (ഐസിപിഎസ്) സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (എസ്എആര്‍എ)യാണു കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിന്റെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
ദത്തെടുക്കാന്‍ പ്രായം ഇങ്ങനെ
അപേക്ഷകരായ ദമ്പതികള്‍ ഇരുവരുടെയും ആകെ പ്രായം 90 ല്‍ താഴെയെങ്കില്‍ നാലു വയസുവരെയുള്ള കുഞ്ഞിനെ ദത്തെടുക്കാം.
പ്രായം 90 -100 എങ്കില്‍ നാലു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടിയെ ദത്തെടുക്കാനാകും. 100-110 പ്രായവിഭാഗത്തിലുള്ളവര്ക്കു എട്ട്-18 വയസുകാരെ ദത്തെടുക്കാം.
45 വയസില്‍ താഴെയുള്ള സിംഗിള്‍ പേരന്റ് അപേക്ഷകര്‍ക്കു നാലു വയസുവരെയുള്ള കുഞ്ഞിനെ ദത്തെടുക്കാനാകും.
45- 50 പ്രായക്കാര്‍ക്ക് നാല്- എട്ട് വയസുള്ള കുഞ്ഞുങ്ങളെയും 50-55 പ്രായക്കാര്‍ക്കു എട്ട്-18 വയസിലുള്ളവരെയും ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
അപേക്ഷകര്‍ക്കു രണ്ടര ലക്ഷം വാര്‍ഷിക വരുമാനം വേണമെന്നും നിബന്ധനയുണ്ട്.