തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കളിക്കുന്നതിനിടെ കടലിൽ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലത്തിനുസമീപം കൂട്ടിൽവീട്ടിൽ മുഹമ്മദ് ഷഹബാസിന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്. വെട്ടുതുറ തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഷംനാദ്- അൻസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹബാസ്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടമുണ്ടായത്. കുട്ടിയുടെ അച്ഛനും അമ്മയും പാലത്തിനു സമീപത്തുനിന്ന് ഗാർഹികാവശ്യത്തിന് പൈപ്പ് വെള്ളം ശേഖരിക്കാൻപോയ സമയം ഏഴുവയസുള്ള സഹോദരനോടോപ്പം ഷഹബാസ് കടപ്പുറത്ത് കളിക്കുകയായിരുന്നു.
ഇതിനിടെ വലിയ തിരയിൽ കുട്ടി അകപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. സഹോദരൻ വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്.
നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ കടലിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരം അറിഞ്ഞെത്തിയ അഞ്ചുതെങ്ങ് തീരപോലീസും കോസ്റ്റ് ഗാർഡും അഞ്ചുതെങ്ങ് പോലീസും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.