കൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ജനന-മരണ രജിസ്ട്രേഷന് പിതാവിന്റെ പേര് രേഖപ്പെടുത്തുന്ന കോളമില്ലാത്ത അപേക്ഷാ ഫോമുകളും സര്‍ട്ടിഫിക്കറ്റുകളും വേണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി.
വിവാഹമോചനം നേടിയശേഷം കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സതീഷ് നൈനാന് ആണു സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ക്കും ഈ നിര്‍ദേശം നല്‍കിയത്.
കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള സ്ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുള്ളതിനാല്‍ ജനന – മരണ രജിസ്ട്രേഷനുള്ള ഫോമുകളില്‍ പിതാവിന്റെ പേരു ചേര്‍ക്കണം എന്നു നിര്‍ബന്ധിക്കുന്നതു മൗലികാവകാശത്തിനു വിരുദ്ധമാണെന്നു കോടതി പറഞ്ഞു.