കടുത്തുരുത്തി: അങ്കണവാടിയിൽ പോയി മടങ്ങുകയായിരുന്ന നാലു വയസുകാരിക്കും ഒപ്പമുണ്ടായിരുന്ന ബധിരയും മൂകയുമായ അമ്മയ്ക്കും തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.
ഇരവിമംഗലത്തു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മാഞ്ഞൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ നിർധന കുടുംബാംഗമായ ഇരവിമംഗലം കീരിമുകളേൽ ജോമോന്റെ ഭാര്യ എത്സയ്ക്കും മകൾ ഏയ്ഞ്ചലിനുമാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഒന്നാം വാർഡിലെ ഖാദി ഭവനു സമീപത്തെ അങ്കണവാടിയിൽനിന്ന് ഇരുവരും വീട്ടിലേക്കു മടങ്ങുന്പോൾ ഉച്ചയ്ക്കു 3.30നാണ് സംഭവം.
എത്സയുടെ കൈയിൽ പിടിച്ചു നടക്കുകയായിരുന്നു ഏയ്ഞ്ചൽ. ഓടിയെത്തിയ നായ കുട്ടിയുടെ കൈയിൽ കടിച്ചു വലിക്കുകയായിരുന്നു.
ശബ്ദമുണ്ടാക്കി നായയെ ഒാടിക്കാൻ എത്സയ്ക്കാവില്ലാത്തതിനാൽ കുട്ടിയെ രക്ഷിക്കാൻ നായയുമായി ഏറെ നേരം മൽപിടിത്തം നടത്തേണ്ടി വന്നു.
ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അങ്കണവാടി ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയാണ് ഇരുവരെയും തെരുവുനായയിൽനിന്നു രക്ഷിച്ചത്.
എത്സയ്ക്കു നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. അങ്കണവാടി അധ്യാപിക അന്നമ്മയും സഹായി സിജിയും ചേർന്നു കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.
കുട്ടിക്ക് അലർജിയുണ്ടായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിലേക്കും അവിടെനിന്നു കുട്ടികളുടെ ആശുപത്രിയിലേക്കും മാറ്റി.
കുട്ടിക്കു പ്രതിരോധ കുത്തിവയ്പ്പെടുത്ത വിവരം അറിഞ്ഞു വീട്ടിലെത്തിയ വാർഡ് മെന്പർ എൽസമ്മ ബിജു മറ്റപ്പള്ളിയാണ് എത്സയ്ക്കും തെരുവു നായയുടെ കടിയേറ്റ വിവരം മനസിലാക്കിയത്.
തുടർന്ന് എത്സയെയും മെന്പറുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ എത്തിച്ചു.
കുട്ടിക്കും എത്സയക്കും മരുന്ന് അലർജിയായതിനാൽ ഇവർക്കും പുറത്തുനിന്നു വിലകൂടിയ മരുന്നു വാങ്ങിയാണ് കുത്തിവയ്പ്പെടുത്തത്.
എത്സമ്മയ്ക്ക് 26,000 രൂപയുടെയും ഏയ്ഞ്ചലിന് 5,000 രൂപയുടെയും മരുന്ന് വാങ്ങി. നിർധന കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി എൽസമ്മ ബിജു മുൻകൈയെടുത്താണ് ഇവർക്കു മരുന്നു വാങ്ങി നൽകിയത്.
മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം പെരുകിയിരിക്കുകയാണ്.