ഗാന്ധിനഗർ: കൈപ്പുഴയിൽ വീടിന്റെ അടുക്കളയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകും. വ്യാഴാഴ്ചയാണ് ഡൽഹിയിൽ നഴ്സായ കൈപ്പുഴ സ്വദേശിയായ 28 കാരി പ്രസവിച്ചത്. പ്രസവിച്ചയുടനെ കുട്ടി മരിച്ചുവെന്നും മറവു ചെയ്യാനാണ് ബക്കറ്റിൽ ഉപേക്ഷിച്ചതെന്നുമാണ് യുവതി പോലീസിന് നല്കിയ മൊഴി.
ഗാന്ധിനഗർ പോലീസ് എത്തി ശിശുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കു വിധേയമാക്കി. വെള്ളിയാഴ്ച ശിശുവിന്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയെങ്കിലും റിപ്പോർട്ട് ഇതുവരെ പോലീസിനു കൈമാറിയിട്ടില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുവാൻ ശിശുവിന്റെ ആന്തരിക അവയവങ്ങൾ പതോളജി ലാബിലേക്കു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനാലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിനു കൈമാറാൻ വൈകുന്നത്. റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകു.
ഡൽഹിയിൽ നഴ്സായിരുന്ന യുവതി വിവാഹിതയായിരുന്നെങ്കിലും രണ്ടുമാസം മുൻപ് കോടതി വഴി വിവാഹമോചനം നേടിയിരുന്നു. എന്നാൽ ഇതിനു മുന്‍പുതന്നെ സഹപ്രവർത്തകനും തൃശൂർ സ്വദേശിയുമായ യുവാവിൽനിന്നു ഗർഭിണിയാവുകയായിരുന്നു.
തൃശൂർ സ്വദേശി ഗാന്ധിനഗർ പോലീസിൽ ഹാജരായി കുട്ടി തന്റെയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഡൽഹിയിലെ ആശുപത്രിയിൽ യുവതിക്കു ചികിത്സ നല്‍കിയിരുന്നതായും യുവാവ് പറയുന്നു. വിവാഹമോചനം നേടിയെങ്കിലും മറ്റൊരു വിവാഹം കഴിക്കുന്നതിനു മുന്‍പ് ഗർഭിണി ആയതിനാൽ അപമാനം ഭയന്നാണ് ഗർഭം രക്ഷിതാക്കളിൽനിന്ന് മറച്ചുവച്ചതെന്നാണ് യുവതി പറയുന്നത്.