കോഴിക്കോട്: മണാശ്ശേരി സ്കൂളിനു സമീപം അപകടം വരുത്തിയശേഷം കാര്‍ നിര്‍ത്താതെ പോയ ഡോക്ടറുടെ നിലപാടില്‍ പ്രതിഷേധം ശക്തം.
മനുഷ്യജീവന് രക്ഷിക്കേണ്ട ഡോക്ടര്‍ അപകടത്തില്‍പെട്ടയാളെ തിരിഞ്ഞുനോക്കാതെ കാറുമായി കടന്നുകളഞ്ഞതാണ് പൊതുസമൂഹത്തിന്റെ എതിര്‍പ്പിനു കാരണം.എകെസിസി സെക്രട്ടറി ബേബി പെരുമാലിലാണ് മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ മുഹമ്മദ് ബിലാന് (27) ഓടിച്ച കാറിടിച്ച് മരിച്ചത്.
വൈദ്യശാസ്ത്രത്തിനു നിരക്കാത്തതും മനുഷ്യത്വമില്ലാത്തതുമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിമര്‍ശനം.
ഡോക്ടര്‍ കാര്‍ നിര്‍ത്തി ബേബിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ബേബിയുടെ ജീവന് രക്ഷിക്കാമായിരുന്നു.
എന്നാല്‍ അദ്ദേഹം തിരിഞ്ഞുേനാക്കാത്തതാണ് രക്തം വാര്‍ന്ന് ബേബി പെരുമാലില്‍ മരിക്കാന്‍ ഇടയാക്കിയത്.
രാത്രി പന്ത്രണ്ടരയോടെ ബേബി പെരുമാലില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. പിന്നീട് ഇതുവഴി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് ബേബിയെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിയശേഷമാണ് ബേബി മരിച്ചത്.
അപകടം നടന്ന് മണിക്കൂറുകള്‍ക്കും കാര്‍ പിടികൂടാന്‍ മുക്കം പോലീസിനു കഴിഞ്ഞു.ചടുലമായ നീക്കത്തിലൂടെയാണ് പോലീസ് കാര്‍ കണ്ടെത്തിയത്.
അര്‍ധരാത്രിയില്‍ അപകടം നടന്നയുടനെ കാറുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാവിലെ മുതല്‍ മുക്കം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രജീഷ്, എസ്.ഐ. സജിത്ത്, എ.എസ്.ഐ.ഷിബില്‍ ജോസഫ്, ഷോബിന്‍ എന്നിവരുടെ നേത്യത്വത്തിന് മണാശ്ശേരി മുതല്‍ കുന്ദമംഗലം വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഉള്‍റോഡിലൂടെ കാറുമായി പോയതിനാല്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭ്യമായില്ല.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ ക്യാമറകളും അപകടസ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ചെറിയ ഭാഗം ഉപയോഗിച്ചുള്ള പരിശോധനയും, ദൃക്ഷാക്ഷികള്‍ നല്കിയ വിവരങ്ങളും, കൂട്ടിയിണക്കി നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് മണാശ്ശേരിക്കടുത്തുള്ള വീട്ടില്‍ നിന്ന് കാര്‍ കണ്ടെത്തിയത്.
മനുഷ്യത്വമില്ലാത്ത ഡോക്ടറുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധംഉയര്ന്നിട്ടുണ്ട്.കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, അപകട സമയത്ത് കാര്യക്ഷമമായി ഇടപെടാതെ ഒഴിഞ്ഞു മാറിയ കെ.എസ്.ആര്.ടി ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്.