മണ്ണാർക്കാട്: കക്കൂസ് നിർമ്മിക്കാനായി എടുത്ത കുഴിയിൽ വീണു മൂന്നര വയസ്സുകാരൻ മരിക്കാൻ ഇടയായ സംഭവം ചങ്ങലീരി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ കാലത്ത് കുഞ്ഞിന്റെ മരണവാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്.
ജനങ്ങളെ കണ്ണീരിലാഴ്ത്തി. മഴ പ്രദേശത്ത് ശക്തിയാർജ്ജിച്ചതോടെ ചെറിയ കുഴികൾ പോലും ജലാശയമായി മാറുന്നത് കാര്യമായി എടുക്കണമെന്നതിന്റെ നേർക്കാഴ്ചയായി മാറുകയാണ് ചങ്ങലീരിയിൽ പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്ത സംഭവം. കഴിഞ്ഞ ദിവസത്തെ മഴയിൽ വീടിന് സമീപത്ത് സെപ്റ്റിക് ടാങ്കിനായി ഒരുക്കിയ കുഴി നിറഞ്ഞിരുന്നു.
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇതിൽ വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. വലിയൊരു സൂചനയാണ് ഈ സംഭവം നൽകുന്നത്. എല്ലാ വീടുകളിലും ഓരോ ആവശ്യങ്ങൾക്കായി നിർമ്മിച്ചതും പ്രകൃത്യാലുള്ളതുമായ ചെറുതും വലുതുമായ നിരവധി കുഴികൾ ഉണ്ട്.
ഉപയോഗശൂന്യമായവ മണ്ണിട്ട് തൂർക്കുകയോ അല്ലാത്തവ താൽക്കാലികമായെങ്കിലും മൂടി വക്കുകയോ വേണം. ഒരിക്കലും വെള്ളം നിറഞ്ഞ് ഇരിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. എത്ര ശ്രമിച്ചാലും വിധിയെ തടുക്കാനാവില്ല എന്ന് പറയുമെങ്കിലും നമ്മുടെ അശ്രദ്ധമൂലം അപകടങ്ങളുണ്ടാവരുത് എന്ന് ഉറപ്പുവരുത്തണമെന്നുമാണ് അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. നിരവധി ആളുകളുടെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.