തിരൂർ: ഒന്‍പത് വർഷത്തിനിടെയിൽ ഒരു വീട്ടിൽ ജനിച്ച ആറു കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ദൂരൂഹത സംശയിച്ചതിനെത്തുടർന്നു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നു ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നു മലപ്പുറം എസ്പി യു.അബ്ദുൽ കരീം അറിയിച്ചു. രാസപരിശോധനഫലവും ആന്തരീകവയവഫലവും വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമേ ദുരൂഹത നീക്കാനാകൂവെന്നും എസ്പി പറഞ്ഞു.
മരിച്ച കുട്ടികളുടെ മെഡിക്കൽ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്. മുൻപ് മരിച്ച ചെറിയ കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി പരിശോധിക്കുന്നത് പ്രയാസമാണ്. സങ്കീർണമായ അന്വേഷണനടപടികളാണ് പോലീസിനെ കാത്തിരിക്കുന്നത്.
അതിനാൽ ദുരൂഹത നീക്കാൻ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്. തിരൂർ തറമ്മൽ റഫീഖ്-സബ്ന ദന്പതികൾക്കുണ്ടായ ആറാമത്തെ കുട്ടി ഇന്നലെ മരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് ദുരൂഹതകളുയർന്നത്.
ധൃതിയിൽ മൃതദേഹം അടക്കാൻ ശ്രമിക്കുന്നുവെന്ന വിവരം അജ്ഞാതകോളിലൂടെ പോലീസിനു ലഭിക്കുകയായിരുന്നു. തുടർന്നു പോലീസ് സ്ഥലത്തെത്തി. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം മസ്ജിദിലെ ഖബർസ്ഥാനിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
മുൻപ് നടന്ന അഞ്ചുമരണങ്ങളും പോലീസ് അറിഞ്ഞിരുന്നില്ല. നേരത്തെ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതായി ബന്ധുക്കൾ പറഞ്ഞെങ്കിലും അതു അസുഖം കണ്ടെത്താനുള്ള പരിശോധന മാത്രമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ജനിതകപ്രശ്നവും അപസ്മാരവുമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ കരുതുന്നത്. തിരൂരിൽ വാട്ടർ സർവീസ് സ്റ്റേഷൻ നടത്തുന്ന റഫീഖിനും ഭാര്യ സബ്നക്കും ജനിച്ച എല്ലാ കുഞ്ഞുങ്ങളും മാസങ്ങൾക്കുള്ളിൽ മരിക്കുകയായിരുന്നു.
നാലു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളുമാണ് മരിച്ചത്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയായിരുന്നു മരണം. ഇന്നലെ രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. 93 ദിവസമായിരുന്നു പ്രായം.
ഇന്നലെ രാവിലെ കുഞ്ഞിനു അസ്വസ്ഥത കണ്ടതിനെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും അവിടെ എത്തും മുന്‍പ് മരിച്ചു.
ആശുപത്രിയിലെ ഡോക്ടർ മരണം സ്ഥിരീകരിക്കുകയും തുടർന്നു മൃതദേഹം തിരൂർ കോരങ്ങത്ത് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. എന്നാൽ ഇന്നലെ ഉച്ചയോടെ നാട്ടുകാർക്കിടയിൽ അഭ്യൂഹങ്ങൾ പരന്നു. ഒരു വീട്ടിൽ ഇത്രയേറെ കുട്ടികൾ മരിക്കുന്നത് ദുരൂഹതയുയർത്തി.
വിവരം ലഭിച്ചതോടെ തിരൂർ പോലീസ് സ്ഥലത്തെത്തി. വിഷയം ഗൗരവമായി അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. തുടർന്നാണ് കുട്ടിയുടെ മൃതദേഹം ഖബറിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
തിരൂർ ആർഡിഒ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജിലെ പോലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കുഞ്ഞിന്റെ പിതാവ് റഫീഖും സ്ഥലത്തുണ്ടായിരുന്നു. സയന്റിഫിക് ഓഫീസർ ഡോ: ത്വയ്ബ, തിരൂർ ഡിവൈഎസ്പി കെ.എ സുരഷ്ബാബു, സിഐ സി.പി ഫർഷാദ്, എസ്ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്്മോർട്ടം.
പ്രാഥമിക റിപ്പോർട്ടിൽ മരണത്തിൽ അസ്വഭാവികതയില്ലെന്നു സിഐ അറിയിച്ചു. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാലേ മരണത്തിൽ വ്യക്തത വരൂ.