ചെന്നൈ: മധുര ഉസിലാംപട്ടയില് ഒരാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ഉത്തപ്പനായ്ക്കനൂര് പാറപ്പട്ടിയില് ചിന്നസ്വാമി-ശിവപ്രിയങ്ക ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഫെബ്രുവരി പത്തിനാണ് ഇവർക്ക് മൂന്നാമത്തെ പെൺകുഞ്ഞ് ജനിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായി പറഞ്ഞ് രക്ഷിതാക്കൾ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് കുഞ്ഞിന്റെ മുഖത്ത് നഖക്ഷതങ്ങൾ കണ്ട് സംശയിച്ച ആശുപത്രി അധികൃതർ പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച മധുര ഗവ.
രാജാജി ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയെ മനപ്പൂർവം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇവർ കുറ്റം സമ്മതിച്ചു. ഇവർക്ക് എട്ടും മൂന്നും വയസുള്ള രണ്ട് പെൺമക്കളുണ്ട്.