ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയോട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ.
അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസിന്റെ വിചിത്ര പരാമർശം.
മഹാരാഷ്ട്ര സ്വദേശി മോഹിത് ചവാനോടാണ് ചീഫ് ജസ്റ്റീസ് പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത്.
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
2014-15 വർഷങ്ങളിൽ മോഹിത് ചവാൻ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തി എന്നാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെ കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്കു സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കിൽ നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും.
നിങ്ങൾ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം ചെയ്യുകയായിരുന്നു എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
എന്നാൽ വിവാഹത്തിന് തങ്ങൾ നിർബന്ധിക്കില്ലെന്നും അങ്ങനെ വന്നാൽ കോടതി നിർബന്ധിച്ചു എന്നു നിങ്ങൾ പറയുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.