കോന്നി: കോന്നി ആന ക്യാമ്പിലെ പിഞ്ചു എന്ന ആനക്കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമായ ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
എക്സ്റേ എടുക്കാന്‍ മയക്കുമരുന്ന് കുത്തിവച്ചതില് ഡോക്ടര്‍ക്ക് കൈപ്പിഴ പറ്റിയതു വഴി ആനക്കുട്ടിയുടെ പിന്കാലുകള് തളര്‍ന്നു മരണവുമായി മല്ലിടുന്നെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
ജന്മനാ തന്നെ ഒരു കാലിന് വൈകല്യവും അനാരോഗ്യവും നിരന്തരമായ രോഗബാധയുമുളളതിനാല് ഡോക്ടറുടെ നിര്‍ദേശാനുസരണവും കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയുടെയും അടിസ്ഥാനത്തില്‍ ഈ ആനക്കുട്ടിയെ മയക്കി എക്സ് റേ എടുത്തിരുന്നു.
ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.ഇ.കെ ഈശ്വരന്, കോന്നി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. ശ്യാംചന്ദ്രന്‍, മറ്റ് പരിചയ സമ്പന്നരായ വെറ്റിനറി ഓഫീസര്‍മാര്‍ എന്നിവരാണ് രോഗ നിര്‍ണയ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
നാട്ടാന പരിചരണത്തില്‍ പ്രാവീണ്യവും പരിചയവുമുളള ഡോ. ഇ.കെ ഈശ്വരന്റെ നിര്‍ദ്ദേശ പ്രകാരമാണ് തുടര്‍ ചികിത്സ നടന്നുവരുന്നത്. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെങ്കിലും നല്കാന് കഴിയുന്ന ഏറ്റവും നല്ല ചികിത്സയും പരിചരണവുമാണു നല്കി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്ന കുട്ടിയാനയെ അതീവ സുരക്ഷയോടെയാണ് ഏറെ കാലങ്ങളായി വനംവകുപ്പ് സംരക്ഷിച്ചു പോന്നിരുന്നത്. ഇടയ്ക്കിടയ്ക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നം കാട്ടുന്ന കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്പോൾ ഇതിനെ അതിജീവിക്കുകയായിരുന്നു പതിവ്.
ആനക്കൂട്ടിലെത്തിച്ചപ്പോൾ ഉദരസംബന്ധമായ രോഗത്തിന് മാസങ്ങളോളം ചികിത്സ വേണ്ടിവന്നിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാന നേരത്തെ കൂട്ടിൽ ചരിഞ്ഞിരുന്നു. തള്ളയാനയിൽ നിന്നും പിരിഞ്ഞ് ജനവാസ മേഖലകളിലെത്തുന്ന കുട്ടിയാനകളെയാണ് സാധാരണയായി വനവകുപ്പ് ആനക്കൂട്ടിലെത്തിച്ച് വളർത്തിയെടുക്കുന്നത്. എന്നാൽ ഇവയ്ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ നേരത്തെയും ആനക്കൂട്ടിൽ ആനകൾ ചരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി പിഞ്ചുവിന് വിദഗ്ധ സംഘം തന്നെ എത്തിയാണ് കാലിലെ രോഗത്തിന് ചികിത്സ നല്‍കുന്നത്. എന്നാൽ രോഗാവസ്ഥയിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ വിദഗ്ധ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.