ചാലക്കുടി: വെള്ളം കയറിയ വീടിനകത്ത് ഒറ്റപ്പെട്ടുപോയ അമ്മയ്ക്കും കൈക്കുഞ്ഞിനും രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും.
കൂർക്കമറ്റം വെളുത്തായി ബാബുവിന്റെ മകൾ ബിനിതയേയും പ്രസവിച്ച് 28 ദിവസം മാത്രമായ കുഞ്ഞിനെയുമാണു പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനും പഞ്ചായത്തംഗങ്ങളും രക്ഷിച്ചത്.
പ്രസവത്തിനു സ്വന്തം വീട്ടിൽ വന്നതായിരുന്നു ബിനിത.
പുലർച്ചെ വീടിനകത്തേക്കു പെട്ടെന്നു വെള്ളം ഇരച്ചുകയറിയപ്പോൾ കുഞ്ഞിനെയും കൊണ്ട് ടെറസിന്റെ കോണിമുറിയിൽ കയറി രക്ഷപ്പെട്ടു.
പുറത്തുപോയി രക്ഷപ്പെടാൻ മാർഗമുണ്ടായിരുന്നില്ല. രാവിലെ ഇവിടെയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനും വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരനും കുഞ്ഞിന്റെ കരച്ചിൽ കേട്ട് തെരച്ചിൽനടത്തുകയായിരുന്നു.
അമ്മയേയും കുഞ്ഞിനെയും സുരക്ഷിത സ്ഥലത്തേക്കു മാറ്റി.