കോഴിക്കോട്: അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചുവയസുകാരി വിടവാങ്ങി.
മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പിടഞ്ഞാറെ പീടിയേക്കല്‍ ഹസന്‍കുട്ടി-ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കുറച്ചുദിവസമായി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു. സ്രവപരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മറ്റുനാലു കുട്ടികള്‍ ആശുപത്രി വിട്ടു.
മേയ് പതിമൂന്നിനാണ് ഫദ്വയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോള്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്.
നേരത്തെ പനിയും മറ്റ് അസുഖങ്ങളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുന്ന അമീബ തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്താണ് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. കടലുണ്ടി പുഴയുടെ മുന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ കുളിച്ചപ്പോഴാണ് അമീബ ബാലികയുടെ മൂക്കില്‍ കയറിയതെന്നാണ് സംശയം.