മലപ്പുറം: കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.
സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തു.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരിയെ ഫായിസ് കഴിഞ്ഞ ദിവസം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ക്രൂരമായ മര്‍ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞതിനെത്തുടർന്നു കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. തലയ്ക്ക് നേരത്തെ മര്‍ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദനമേറ്റത് മരണത്തിന് കാരണമായി. കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.