കർണാടകയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാതശിശുവിനെ ഇടയന്മാർ രക്ഷപ്പെടുത്തി. സിറ താലൂക്കിലെ കല്ലമ്പെല്ലയ്ക്കടുത്തുള്ള മതനഹള്ളി ഗ്രാമത്തിലാണു സംഭവം. തനിക്കു രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിനെത്തുടർന്ന് മാതനഹള്ളി സ്വദേശിയായ കമലമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഇടയന്മാരാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗ്രാമത്തിലെ സ്ത്രീകൾ കുഞ്ഞിനെ വൃത്തിയാക്കുകയും മുലയൂട്ടുകയും ചെയ്തു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. കുഞ്ഞിനെ പിന്നീട് വനിതാ ശിശുവികസന വകുപ്പിനു കൈമാറി. വീട്ടിൽവച്ചാണ് കമലമ്മ കുഞ്ഞിനെ പ്രസവിച്ചത്.
രണ്ടാമതും പെൺകുഞ്ഞു പിറന്നതോടെ പുതപ്പിൽ പൊതിഞ്ഞശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുടുംബം ദരിദ്രമായതിനാലും കലഹം ഒഴിവാക്കാനുമാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കമലമ്മ പോലീസിനോടു പറഞ്ഞു. അമ്മയും കുഞ്ഞും സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.