കൊപ്പാൾ (കർണാടക): പെൺകുട്ടികളെ പ്രസവിച്ചതിനെത്തുടർന്ന്, ഭർത്താവിന്റെ നിരന്തരപീഡനം സഹിക്കാൻ കഴിയാതെ യുവതി ജീവനൊടുക്കി. കർണാടക കൊപ്പാള്‍ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണു സംഭവം. 26കാരിയായ ഹനുമവ്വയാണു ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെത്തുടർന്നു ജീവനൊടുക്കിയത്.
യുവതിയുടെ അച്ഛന്റെ പരാതിയില്‍ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹനുമവ്വയ്ക്കു മൂന്നു പെൺകുട്ടികളാണുള്ളത്. രണ്ടാമത്തെ പ്രസവത്തിലും പെൺകുട്ടി ജനിച്ചതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണു രണ്ടാമത്തെ പെണ്‍കുഞ്ഞിനു ഹനുമവ്വ ജന്മം നല്‍കിയത്.
മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ഗണേഷ് കൊടിയ ശാരീരിക-മാനസിക പീഡനം ആരംഭിക്കുകയായിരുന്നു. ആൺകുട്ടിയെ പ്രസവിക്കാൻ കഴിയാത്തവൾ ശപിക്കപ്പെട്ടവളാണെന്നും ഗണേഷ് ആക്ഷേപിച്ചിരുന്നു. ഹനുമവ്വയുടെ അച്ഛനും കുടുംബാംഗങ്ങളും അയൽവാസികളും ഗണേഷിനെതിരേ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.