പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ പൊക്കിൾകൊടിപോലും മുറിക്കാതെ റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ചത് ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നെ കാമുകനായി മാറുകയും ചെയ്ത അജ്ഞാതനൊപ്പം ജീവിക്കാനാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിന് മൊഴി നല്കിയത്.
അജ്ഞാത കാമുകൻ ബാങ്ക് ഉദ്യാഗസ്ഥനാണെന്നും കൊല്ലം സ്വദേശിയാണെന്നും മാത്രമേ രേഷ്മയ്ക്ക് അറിയൂ. കാമുകനെ കാണാനായി വർക്കലയിലും പരവൂരിലും പോയി കാത്തു നിന്നെങ്കിലും കാമുകനെ കാണാൻ കഴിഞ്ഞില്ല.
കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22)യാണ് അജ്ഞാത കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ച് അറസ്റ്റിലായത്.
ഇപ്പോൾ അട്ടകുളങ്ങര ജയിലിൽ റിമാൻഡിൽ കഴിയുന്ന രേഷ്മ കോ വിഡ് പോസിറ്റീവാണ്. കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പോലീസ് തയാറെടുപ്പ് നടത്തുകയാണ്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് കുഞ്ഞിനെ വീട്ടുപുരയിടത്തിൽ നിന്നും രേഷ്മയുടെ ഭർത്താവ് കണ്ടെത്തിയത്.
കുഞ്ഞിനെ കണ്ടെത്തിയപ്പോൾ അതിനെ പരിചരിക്കാനും പൊക്കിൾകൊടിമുറിക്കാനുമൊക്കെ രേഷ്മയും ഒപ്പമുണ്ടായിരുന്നു.
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലും തിരുവനന്തപുരം എസ്എ റ്റി ആശുപത്രിയിലും പോലീസ് എത്തിച്ച് ചികിത്സ നല്കിയെങ്കിലും രണ്ടാം നാൾ മൂന്നര കിലോഗ്രാം ഭാരമുണ്ടായിരുന്ന ആൺകുഞ്ഞ് മരിച്ചു.
രേഷ്മയ്ക്ക് മൂന്നര വയസ് പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. രേഷ്മയും ഭർത്താവ് വിഷ്ണുവുമായി പ്രണയ വിവാഹമായിരുന്നു.
രേഷ്മ ഗർഭിണിയായ ശേഷമാണ് വിഷ്ണുവിളിച്ചു കൊണ്ട് പോയതെന്നു പോലിസ് പറഞ്ഞു. വിഷ്ണു നാലു മാസം മുമ്പ് ഗൾഫിലേയ്ക്ക് പോയി. സംഭവമറിഞ്ഞ വിഷ്ണു തൊട്ടടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വിഷ്ണുവിനൊപ്പം കഴിയുമ്പോഴാണ് ഫേയ്സ്ബുക്കിലെ അജ്ഞാതകാമുകനായി ബന്ധമുണ്ടാക്കിയതും കുഞ്ഞിനെ പ്രസവിച്ച ഉടൻ ഉപേക്ഷിച്ചതും.
രേഷ്മയുടെ ഫേയ്സ്ബുക്ക് കാമുകനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇത് വ്യാജമാണോ എന്നതാണ് പോലീസിന്റെ സംശയം.
യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
ചാത്തന്നൂർ: പ്രസവിച്ച ഉടൻ ചോര കുഞ്ഞിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കോൺഫ്രൻസിലൂ ടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്ത് അട്ടകുളങ്ങര ജയിലിലാക്കി.
ഇവർ കോവിഡ് പോസ്റ്റിറ്റീവാണ്. നിയമ വശങ്ങൾ കുടി പരിശോധിച്ച ശേഷമായിരിക്കും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് പാരിപ്പള്ളി സിഐ ടി.സതികുമാർ പറഞ്ഞു.