തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.
വിഷയത്തിൽ ഡിജിപിയോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ വിളിച്ചുവരുത്തുമെന്ന് അധ്യക്ഷ പി. സതീദേവി അറിയിച്ചു.
സംഭവത്തിൽ കഴിഞ്ഞദിവസം പോലീസും കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.
എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു.
ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ കൊണ്ടുപോയി.
സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.
സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം ആരംഭിച്ചിരുന്നു.