മങ്കട: ബാത്ത്റൂമിൽ കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പോലീസുകാർ രക്ഷകരായി.
കുട്ടിയെ വീട്ടുകാർ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി വാഹനത്തിലെ ഇന്ധനം തീർന്നതിനിടെയാണ് രക്ഷകരായി മങ്കട എസ്ഐ അബ്്ദുൾ അസീസും സിവിൽ പോലീസ് ഓഫീസറും സ്ഥലത്തെത്തി കുട്ടിയെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തു.
രണ്ടു വയസ് പ്രായമായ കുട്ടി ശനിയാഴ്ച രാത്രി ഒതുക്കങ്ങലിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെയാണ് ബാത്ത് റൂമിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണത്. കുട്ടിയുടെ ഉമ്മ ഈസമയം നമസ്കരിക്കുകയായിരുന്നു.
പിതാവ് ഗൾഫിലാണ്. കുട്ടിയെ ബന്ധുക്കൾ ചേർന്നു മലപ്പുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു സൗകര്യം ലഭിക്കാതിരുന്നതിനാൽ പെരിന്തൽണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു.
എന്നാൽ യാത്രമധ്യേ ഇവർ സഞ്ചരിച്ച വാഹനം ഇന്ധനം തീർന്നു. മറ്റു വാഹനങ്ങൾ കിട്ടാതെ ബന്ധുക്കൾ പരിഭ്രാന്തരായി നിൽക്കുന്ന സമയത്താണ് മങ്കട എസ്ഐ അബ്ദുൾ അസീസും സംഘവും പട്രോളിംഗ് വാഹനത്തിൽ സ്ഥലത്തെത്തിയത്.
ഉടനെ കുട്ടിയെ പോലീസ് വാഹനത്തിൽ എംഇഎസ് ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിൽസക്ക് വേണ്ട ഏർപ്പാടുകൾ ചെയ്തു.