തിരുവനന്തപുരം: രണ്ടു വയസുകാരനെ ദേഹോപദ്രവം ഏൽപിച്ച അമ്മയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കുന്പകോണം മാതുലം വീട്ടിൽ അഞ്ജലി (28)നെയാണ് തിരുവനന്തപുരം റെയിൽവേ പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്കു 2.45നാണ് സംഭവം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ വിശ്രമമുറിയിൽ കുഞ്ഞിനെ നിലത്ത് എറിയുകയും അടിക്കുകയും ചെയ്തപ്പോൾ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും അമ്മയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തിരുവനന്തപുരം നോർത്ത് ഓഫീസിൽ പാസ്പോർട്ട് അറ്റസ്റ്റ് ചെയ്യുന്നതിനായാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. അഞ്ജലിക്കു രണ്ടാം വിവാഹത്തിൽ ഉണ്ടായ കുട്ടിയാണ് രണ്ടു വയസുകാരൻ.
കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും നുള്ളി മുറിവേൽപിച്ച പാടും കൈയിൽ തീപ്പൊള്ളലിൽ ഉണങ്ങാത്ത പാടും കണ്ടെത്തി. കഴിഞ്ഞ ദിവസം കുഞ്ഞ് മണ്ണുവാരി കളിച്ചതിനു അമ്മ നൽകിയ ശിക്ഷയാണെന്ന് അന്വേഷണത്തലിൽ കണ്ടെത്തി.
കുട്ടിയുടെ അച്ഛൻ ലേബർ കോണ്ട്രാക്ടറാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം അറിഞ്ഞതിലുള്ള വിരോധമാണ് കുട്ടിയെ മർദിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
കുട്ടികളുടെ പ്രത്യേക പരിരക്ഷ വിഭാവം ചെയ്യുന്ന ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പ്രതി അഞ്ജലിയെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുഞ്ഞിനെ സിഡബ്ല്യുസിയ്ക്ക് മുന്പിൽ ഹാജരാക്കി.
റെയിൽവേ പോലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ എസ്എച്ചഒ എൻ. സുരേഷ്കുമാർ, എസ്ഐമാരായ നളിനാക്ഷൻ, ദിനേശ്, എഎസ്ഐ രാജേഷ്, സുരേഷ്, പുഷ്കരൻ, സിപിഒമാരായ ജയപ്രകാശ്, അനിൽ, സുഗന്ധി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.