കട്ടപ്പന: അവിവാഹിതയായ യുവതി സ്വകാര്യ ഹോസ്റ്റൽ മുറിയിൽ ജന്മംനൽകിയ കുഞ്ഞ് മരിച്ചു. കട്ടപ്പന നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ യുവതിയാണ് ഹോസ്റ്റലിൽ ആണ്കുഞ്ഞിനു ജൻമം നൽകിയത്.
പ്രസവിക്കുന്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി. സംഭവത്തിൽ കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതിയോടൊപ്പം താമസിച്ചിരുന്നവരോ, ഹോസ്റ്റൽ അധികൃതരോ ഇവർ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.
പ്രസവ വേദനയെടുത്ത യുവതി മുറിക്കുള്ളിൽതന്നെ സ്വയം പ്രസവിക്കുകയായിരുന്നു. പ്രസവശേഷം യുവതി അറിയിച്ചതിനുസരിച്ചാണ് ഹോസ്റ്റൽ അധികൃതരും യുവതിയുടെ ബന്ധുക്കളും വിവരമറിഞ്ഞത്.
സംഭവമറിഞ്ഞ് കട്ടപ്പന പോലീസ് സ്ഥലത്തെത്തിയപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. യുവതിയെ ഉടൻതന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.