കൊച്ചി: കോവിഡ് 19 (കൊറോണ) സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മൂന്നു വയസുള്ള കുട്ടിയുടെ നില തൃപ്തികരമായി തുടരുന്നു.
കഴിഞ്ഞ ഏഴിന് രാവിലെ 6.30ന് ദുബായ്-കൊച്ചി ഇകെ 530 വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയ കുട്ടിക്കാണു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഇവര്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെങ്കിലും ഇവരുടെ സാമ്പിളുകളും പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം ഇന്ന് ലഭിച്ചേക്കും.
വിമാനത്താവളത്തില്‍ കുട്ടിയുമായി അടുത്ത് ഇടപഴകിയവരെ ഇതിനോടകം കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരില്‍ 99 പേര് കുട്ടി സഞ്ചരിച്ച വിമാനത്തില്‍ എത്തിയ എറണാകുളം സ്വദേശികളാണ്.
ഇവരുള്‍പ്പെടെ ഇന്നലെ 140 പേരാണ് ഇന്നലെ പുതുതായി നിരീക്ഷണത്തിലായത്. ജില്ലയില്‍ ആകെ നിലവില്‍ 281 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
കഴിഞ്ഞ ഫെബ്രുവരി 10 ന് ശേഷം കൊറോണ ബാധിത രാജ്യങ്ങളിലെതെങ്കിലും സന്ദര്‍ശിച്ചവര്‍ ആരെങ്കിലും ഇത് വരെ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടില്ലെങ്കില്‍ ഉടനെ തന്നെ അറിയിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
പനി, ചുമ, തൊണ്ട വേദന, ശ്വാസം മുട്ട് എന്നീ ലക്ഷണങ്ങളുള്ളവര്‍ക്ക് കൊറോണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ചരിത്രമോ, അങ്ങിനേയുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട് എങ്കിലോ ഉടനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കുട്ടി യാത്ര ചെയ്തിരുന്ന ഇകെ 530 ദുബായ്- കൊച്ചി ഫ്ളൈറ്റില്‍ സഞ്ചരിച്ച മറ്റുള്ളവരും ഇന്നലെ മുതല്‍ 28 ദിവസം അവരവരുടെ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ കഴിയണം.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ ജില്ലാ കണ്ട്രോള് റൂമില്‍ അറിയിക്കണം. ചികിത്സയ്ക്കായി പോലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ഇല്ലാതെ വീടുകളില്‍നിന്നും പുറത്ത് പോകരുത്.
കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നും വരുന്നവര്‍ സ്വയം നിയന്ത്രണം നടത്തണം. ചടങ്ങുകളിലും പൊതുപരിപാടികളിലും ഉത്സവങ്ങളിലും, ആരാധനകളിലും പങ്കെടുക്കരുത്.
പൊതുജനങ്ങള്‍ മാസ്ക് ഉപയോഗിക്കേണ്ട ആവശ്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ നിരീക്ഷണത്തില്‍ ആശുപത്രികളില്‍ കഴിയുന്നവര്‍, ചികിത്സിക്കുന്നവര്‍, ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ മാത്രം മാസ്ക്കുകള്‍ ധരിച്ചാല്‍ മതി. അനാവശ്യ പരിഭ്രാന്തി ഇക്കാര്യത്തില്‍ വേണ്ട.
വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കുന്നവര്‍ അത് കര്‍ശനമായി പാലിക്കണം. ആശുപത്രിയില്‍ ഐസോലേഷന് കഴിഞ്ഞതിന് ശേഷം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ പോലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരവരുടെ വീടുകളില്‍ 28 ദിവസം പൂര്‍ത്തിയാകും വരെ സ്വയം നിരീക്ഷണത്തില്‍ തുടരണണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.