മലപ്പുറം: മലപ്പുറം തിരൂരിൽ ഒന്‍പതു വർഷത്തിനിടെ ദന്പതികളുടെ ആറുകുട്ടികൾ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. റഫീഖ്-സബ്ന ദന്പതികളുടെ നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് ദന്പതികളുടെ 93 ദിവസം പ്രായമുള്ള ഇളയകുട്ടി മരിച്ചത്. കുട്ടി മരണപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖബറടക്കം നടത്തുകയും ചെയ്തു.
ഇതോടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. അപസ്മാരമാണു മരണകാരണമെന്നാണു ബന്ധുക്കൾ പറയുന്നത്.
അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിനു താഴെ പ്രായമുള്ളപ്പോഴാണ്. വർഷങ്ങളുടെ ഇടവേളകളിലാണ് കുട്ടികളുടെ മരണം. മരണപ്പെട്ട കുട്ടികളെയൊന്നും പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല.
സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.