
മൂന്നാർ: ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചു. പിതാവിന്റെ പരാതിയിൽ ദേവികുളം പോലീസ് കേസെടുത്തു. വട്ടവട പിഎച്ച്സി ഡോക്ടർക്കെതിരേയും നടപടിക്ക് സാധ്യത.
തിരുമൂർത്തിയുടെ 27 ദിവസം പ്രായമായ മകളാണ് ബുധനാഴ്ച 11ഓടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മാതാവ് വിശ്വലക്ഷ്മി കുട്ടിക്ക് പാൽ നൽകുന്നതിനിടെ മരണപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
വട്ടവട പിഎച്ച്സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് മൂന്നുമണിയോടെ ബന്ധുക്കൾ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
എന്നാൽ സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിക്കാൻ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാവിലെ ദേവികുളം എസ്ഐ ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെതുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി കണ്ടെത്തി.
മാതാവുമായി പിണങ്ങിത്താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് കേസെടുത്തത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിന് പോലീസ് ആർഡിഒയ്ക്ക് അപേക്ഷ നൽകി. മൃതദേഹം അടക്കിയ ശ്മാശാനത്തിൽ പോലീസ് കാവൽ ഏർപ്പെടുത്തി.
സംഭവം അറിഞ്ഞിട്ടും വിവരം പോലീസിന് കൈമാറാത്ത ഡോക്ടർക്കെതിരേ വകുപ്പുതല നടപടിക്കും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.